ഡാലസ് : ഡാലസ് കൗണ്ടിയിൽ കോവിഡ് 19 കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് ഭീഷിണിയുടെ ലെവൽ റെഡിലേക്ക് ഉയർത്തുകയാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അറിയിച്ചു. കൗണ്ടി പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് റെഡ് ലവൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയേക്കാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വർധനവാണുണ്ടായിരിക്കുന്നത്.

ഓമിക്രോൺ കേസുകളും കൗണ്ടിയിൽ വർധിച്ചിട്ടുണ്ട്. ജനം കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്നും, മാസ്‌ക് ധരിക്കണമെന്നും കൗണ്ടി പബ്ലിക് ഹെൽത്ത് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കുന്നത് ഒമിക്രോണിനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.

കോവിഡ് കേസുകൾ അതിവേഗമാണ് വ്യാപിക്കുന്നതെന്ന് പാർക്ക്‌ലാന്റ് ആശുപത്രി സിഎംഒ ഡോ. ജോസഫ് ചാങ്ങ് പറഞ്ഞു. നാം സ്വയം സംരക്ഷിക്കപ്പെടുകയും മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തോടുള്ള നമ്മുടെ കടമയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുവാൻ എല്ലാവരും തയാറാകണമെന്നും ചാങ്ങ് അഭ്യർത്ഥിച്ചു.