വിമാനത്തിലെ യാത്രയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌കൂൾ ടീച്ചറായ യുവതി വിമാനത്തിലെ ബാത്ത് റൂമിനുള്ളിൽ ഐസൊലേഷനിലിരുന്നത് അഞ്ച് മണിക്കൂർ. ഷിക്കാഗോയിൽ നിന്ന് ഐസ് ലൻഡിലെ റെയ്ക്ജാവിക്കിലേക്ക് പോയ മരിസാ ഫോട്ടിയ എന്ന അദ്ധ്യാപികയാണ് ബാത്ത് റൂമിനുള്ളിൽ ഐസൊലേഷനിലായത്്.

വിമാനത്തിനുള്ളിൽ കയറുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതി വിമാനത്തിൽ കയറിയത്. എന്നാൽ യാത്രാ മധ്യേ ഇവർക്ക് തൊണ്ടവേദനയും തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുക ആയിരുന്നു. തുടർന്ന് ഇവർ സ്വയം ഐസൊലേഷനിൽ പോകാൻ നിർബന്ധിതയായി.

150 യാത്രക്കാരാണ് മരിസ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ എല്ലാം സുരക്ഷയെ കരുതിയാണ് മരീസ ബാത്ത് റൂമിൽ ഐസൊലേഷനിലേക്ക് മാറിയത്. ഇതോടെ ആറ് മണിക്കൂർ നീണ്ട യാത്രയുടെ അഞ്ച് മണിക്കൂറും ഇവർക്ക് ബാത്ത് റൂമിൽ കഴിച്ചു കൂട്ടേണ്ടി വന്നു. തുടർന്ന് ബാത്ത് റൂമിൽ കഴിയേണ്ടി വന്നതിന്റെ ദൃശ്യങ്ങൾ ഇവർ ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും അത് വൈറലാവുകയും ചെയ്തു. നാൽപത് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

എന്നാൽ ഈ യാത്ര വലിയ മോശം അനുഭവമല്ലായിരുന്നെന്നും ഫ്‌ളൈറ്റ് അറ്റൻഡൻസ് തനിക്ക് കൃത്യസമയത്ത് ഭക്ഷണവും എല്ലാം നൽകിയിരുന്നതായും അവർ പറഞ്ഞു.