ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നീക്കം ശക്തമാക്കി സുരക്ഷാസേന. 48 മണിക്കൂറിനിടെ ഒൻപത് ഭീകരരെ വധിച്ചു. ശ്രീനഗറിലെ പന്താ ചൗക്ക് മേഖലയിലെ ഗോമന്ദർ മൊഹല്ലയിൽ അർധരാത്രി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് വധിച്ചത്. വൻ ആയുധശേഖരമാണ് പിടികൂടിയത്.

ജമ്മുകശ്മീർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. മൂന്ന് പൊലീസുകാർക്കും സിആർപിഎഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

ശ്രീനഗറിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പൊലീസ് ബസിന് നേരെ ആക്രമണം നടത്തിയ ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയ്ഷ ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ശ്രീനഗറിൽ പന്താചൗക്കിൽ രാത്രിയോടെയാണ് ഭീകരരും സുരക്ഷാ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഇതിൽ മൂന്ന് പൊലീസുകാർക്കും ഒരു സിആർപിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡിസംബർ 13നാണ് സേവാനിലെ പൊലീസ് ബസിനു നേരെ ആക്രമണമുണ്ടായത്. ഇതിൽ മൂന്ന് പൊലീസുകാർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സുഹൈൽ എന്നയാളാണ് പന്താചൗക്കിലെ ഏറ്റുമുട്ടലിൽ കൊലപ്പെട്ട ഭീകരരിൽ ഒരാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഏറ്റുമുട്ടലോടെ ജമ്മു കശ്മീർ പൊലീസിനു നേർക്കുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ ഭീകരരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം അനന്ത്‌നാഗിലും കുൽഗാമിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ രണ്ടുപേർ പാക്കിസ്ഥാൻ പൗരന്മാരാണ്. മൂന്ന് പേരേക്കൂടി വധിച്ചതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഒമ്പതായി. സേവാനിൽ പൊലീസ് ബസിനു നേർക്ക് ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടതു കൂടാതെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.