ന്യൂഡൽഹി: ആദായനികുതി റിട്ടേൺ നൽകുന്നതിനുള്ള തിയതി നീട്ടില്ലെന്ന് കേന്ദ്ര റവന്യു സെക്രട്ടറി തരുൺ ബജാജ്. ഇന്ന് തീയതി അവസാനിക്കാനിരിക്കെയാണ് കേന്ദ്ര റവന്യു സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതികൾ ഇക്കുറി രണ്ട് തവണയാണ് നീട്ടിയത്.

കഴിഞ്ഞ വർഷത്തേക്കാൾ 60 ലക്ഷം അധികം ആളുകൾ ആദായ നികുതി റിട്ടേൺ (ഐടിആർ) സമർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇതുവരെ 5.62 കോടി ഐടിആറുകൾ ഫയൽ ചെയ്തു. ഇന്ന് 20 ലക്ഷത്തിലധികം റിട്ടേണുകൾ ഫയൽ ചെയ്തതായും അദ്ദേഹം പറഞ്ഞു.

അഞ്ചു ലക്ഷത്തിനു താഴെ ആണ് വരുമാനം എങ്കിൽ ഡിസംബർ 31 നു ശേഷം ഫയൽ ചെയ്താൽ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. അഞ്ചു ലക്ഷത്തിനു മുകളിൽ വരുമാനം ഉള്ളവർക്ക് 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

ഇതുവരെ വൈകി സമർപ്പിക്കുന്ന ഐടി റിട്ടേൺ അപേക്ഷയ്ക്കുള്ള പിഴ 10000 രൂപയായിരുന്നു. ജനുവരി ഒന്ന് മുതൽ പിഴത്തുക കുറയും. ഇത് 5000 രൂപയാക്കിയാണ് കുറച്ചത്. വേതനം ആദായ നികുതി പരിധിക്ക് താഴെയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ വൈകിയാലും പിഴ ഈടാക്കില്ല.

അതേസമയം ഇൻകം ടാക്‌സ് വെബ്‌സൈറ്റിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായുള്ള പരാതികളും ശക്തമാണ്. അതിനാൽ പലർക്കും ഇതുവരെ റിട്ടേൺ സമർപ്പിക്കാനായിട്ടില്ല. ഇവരെല്ലാം സമയപരിധി നീട്ടണമെന്ന് കേന്ദ്രത്തോട് ദിവസങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ തീയതി നീട്ടേണ്ടെന്ന നിലപാടിലാണ് എത്തിയിരിക്കുന്നത്.

കാലാവധി അവസാനിച്ചാലും 2022 മാർച്ച് 31 വരെ നികുതി ദായകർക്ക് റിട്ടേൺ സമർപ്പിക്കാനാവുമെന്നതിനാൽ ഭയക്കേണ്ടതില്ല. ആദായ നികുതി പരിധിക്ക് താഴെയുള്ളവർക്ക് 2022 മാർച്ച് 31 വരെ പിഴയടക്കാതെ റിട്ടേൺ സമർപ്പിക്കാം.