പട്‌ന: കൂടിയാലോചനയില്ലാതെ ചീഫ് സെക്രട്ടറിയായി നിയമിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിൽ ബിജെപിക്കും ആർഎസ്എസിനും കടുത്ത അതൃപ്തി. ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരോടു പോലും കൂടിയാലോചിക്കാതെയാണ് മുസ്ലിം സമുദായക്കാരനായ അമീർ സുഭാനിയെ നിതിഷ് ചീഫ് സെക്രട്ടറിയായി നിയമിച്ചതെന്നാണ് ആക്ഷേപം.

ചീഫ് സെക്രട്ടറിയായിരുന്ന ത്രിപുരി ശരൺ വിരമിച്ച ഒഴിവിലാണ് വികസന കമ്മിഷണറായിരുന്ന അമീർ സുഭാനിയെ നിയമിച്ചത്. കടുത്ത അതൃപ്തിയുണ്ടെങ്കിലും തീരുമാനത്തോടു ബിജെപി മന്ത്രിമാർ ഭിന്നത പരസ്യമാക്കിയിട്ടില്ല. ഐഎഎസ്, ഐപിഎസ് തലത്തിൽ മുഖ്യമന്ത്രി വ്യാപക അഴിച്ചു പണിയും നടത്തി. ബിജെപി മന്ത്രിമാരുടെ നിർദേശങ്ങൾ പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നും ആക്ഷേപമുണ്ട്.

ബിഹാറിൽ 'ഉദ്യോഗസ്ഥ രാജ്' ആണെന്നു അടുത്തിടെ ചില ബിജെപി മന്ത്രിമാരും എംഎൽഎമാരും പരസ്യ വിമർശനം നടത്തിയിരുന്നു. ചില ഉദ്യോഗസ്ഥരെ മാറ്റണമെന്നു ബിജെപി മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും നിതീഷ് വഴങ്ങിയില്ല. ബിജെപി മന്ത്രിമാരുടെയും എംഎൽഎമാരുടെയും നിർദേശങ്ങളും ശുപാർശകളും ഉദ്യോഗസ്ഥർ അവഗണിക്കുന്നുവെന്നാണ് ആക്ഷേപം. ഉന്നത ഉദ്യോഗസ്ഥതലത്തിൽ വൻ തോതിൽ അഴിമതി നടക്കുന്നതായും ബിജെപി മന്ത്രിമാരും എംഎൽഎമാരും പരസ്യമായി വിമർശിച്ചിരുന്നു.