തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപകീർത്തി പരാമർശങ്ങൾക്ക് എതിരെ എച്ച് സലാം എംഎൽഎ വക്കീൽ നോട്ടീസയച്ചു. സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുമ്പാകെ മാപ്പ് പറയണം, അല്ലെങ്കിൽ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വക്കീൽ നോട്ടീസിൽ എച്ച് സലാം ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ അഡ്വ. ജി പ്രിയദർശൻ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസിൽ അറിയിച്ചു.

ആലപ്പുഴ ഇരട്ട കൊലപാതകങ്ങൾക്ക് പിന്നാലെയാണ് സുരേന്ദ്രൻ എച്ച് സലാമിനെതിരെ വിവാദപരാമർശങ്ങൾ നടത്തിയത്. ഡിസംബർ 21ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എച്ച് സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും നടത്തിയത്. 25ന് കോട്ടയത്ത് നടത്തിയ മാധ്യമപ്രതികരണത്തിലുംം സുരേന്ദ്രൻ ഇക്കാര്യം ആരോപിച്ചിരുന്നു. തുടർന്നാണ് എച്ച് സലാം നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ, നാക്കിന് എല്ലില്ലാത്ത വർഗീയവാദിയുടെ പുലമ്പലാണ് സുരേന്ദ്രന്റേത് എന്നാണ് എച്ച്. സലാം പ്രതികരിച്ചത്.