റായ്പൂർ : ഛത്തീസ്‌ഗഡിൽ പ്രദേശവാസിയെ അരുംകൊല ചെയ്ത് മാവോയിസ്റ്റുകൾ. രാജ്നന്ദഗാവ് ജില്ലയിലാണ് സംഭവം. നിദേലി ഗ്രാമവാസിയായ ടിജുറാം ബോഗയാണ് കൊല്ലപ്പെട്ടത്.

പൊലീസിന് വിവരം നൽകുന്നയാളാണെന്ന് തെറ്റിദ്ധരിച്ചാണ് മാവോയിസ്റ്റുകൾ ബോഗയെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടിൽ നിന്നും ബോഗയെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ ഭാര്യ മാവോയിസ്റ്റുകളെ തടയാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് ബോഗയെ കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഗ്രാമവാസികളാണ് കൊല്ലപ്പെട്ട നിലയിൽ ബോഗയെ ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കഴുത്തു ഞെരിച്ചാണ് ഭീകരർ ഇയാളെ കൊലപ്പെടുത്തിയത്. ഇതിന് മുൻപ് വടി ഉപയോഗിച്ച് ബോഗയെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.