ഗാനഗന്ധർവ്വൻ യേശുദാസിനെ അപമാനിക്കും വിധം സമൂഹമാധ്യമത്തിൽ കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി നാദിർഷ. നാദിർഷ്യുടെ മറുപടിക്ക് പിന്നാലെ ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിലെ പാട്ടിന്റെ മേക്കിങ് വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് ഒരാൾ യേശുദാസിനെ അധിക്ഷേപിച്ചത്. 'എനിക്ക് 16 വയസ്സുള്ളപ്പോൾ മരണപ്പെട്ടുപോയ എന്റെ ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ദാസേട്ടനോടൊപ്പം മകനായ എന്നെ നിർത്തി ഒരു ഫോട്ടോ ആയിരുന്നു. ആ ദാസേട്ടൻ, എന്റെ സംഗീതത്തിൽ എനിക്കു വേണ്ടി പാടിയ മൂന്നാമത്തെ ഗാനം 'കേശു ഈ വീടിന്റെ നാഥൻ 'എന്ന സിനിമയ്ക്കു വേണ്ടി. ദൈവം വലിയവനാണ്. പ്രിയപ്പെട്ട ദാസേട്ടന് നന്ദി' എന്ന കുറിപ്പോടെയാണ് നാദിർഷ പാട്ട് പങ്കുവച്ചത്.

പിന്നാലെ യേശുദാസിനെ അധിക്ഷേപിച്ച് ഒരാൾ രംഗത്തെത്തി. 'ഒരു മനോഹര ഗാനം നൽകിയതിന് ദാസേട്ടൻ താങ്കളോടല്ലേ നന്ദി പറയേണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല' എന്നാണ് നൗഷാദ് എന്നയാൾ കുറിച്ചത്. തൊട്ടുപിന്നാലെ കമന്റിനുള്ള മറുപടിയുമായി നാദിർഷ എത്തി. 'താങ്കളുടെ ഈ വാക്കുകൾക്ക്, താങ്കൾക്കു വേണ്ടി ഞാൻ എന്റെ പ്രിയപ്പെട്ട ദാസേട്ടനോടു മാപ്പ് ചോദിക്കുന്നു' എന്നാണ് ഇയാൾ കുറിച്ചത്. നൗഷാദിന്റെ അധിക്ഷേപ കമന്റ് ചർച്ചയായതോടെ നാദിർഷയ്ക്കു പിന്നാലെ നിരവധി പേർ ശക്തമായ ഭാഷയിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തി.

'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിനു വേണ്ടി 'പുന്നാരപ്പൂങ്കാട്ടിൽ' എന്നു തുടങ്ങുന്ന പാട്ടാണ് കെ.ജെ.യേശുദാസ് ആലപിച്ചത്. വലിയ ഒരു ഇടവേളയ്ക്കു ശേഷം യേശുദാസ് പിന്നണി പാടിയ ഗാനമാണിത്. അമേരിക്കയിൽ കഴിയുന്ന അദ്ദേഹം അവിടെ നിന്നും പാട്ട് പാടി റെക്കോർഡ് ചെയ്ത് അയച്ചുകൊടുക്കുകയായിരുന്നു.