ബെംഗളൂരു: ഹൈന്ദവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നതു ചോദ്യം ചെയ്ത് വീട്ടിലെത്തി ബഹളമുണ്ടാക്കിയ ബജ്‌റങ്ദൾ പ്രവർത്തകരെ വീട്ടമ്മയും ബന്ധുക്കളും ചേർന്നു നേരിട്ടു. കർണാടക തുമക്കൂരു ബിലിദേവാലയയിലെ ദലിത് കുടുംബത്തിലാണു സംഭവം. ക്രിസ്തുമസ് ദിനത്തിൽ ഈ കുടുംബം ആഘോഷങ്ങൾ സംഘടിപ്പിച്ചതിനെതിരെ ബജ്‌റംഗ്ദൾ പ്രവർത്തകർ രംഗത്ത് എത്തുകയായിരുന്നു.

ക്രൈസ്തവഗാനങ്ങൾ ആലപിച്ചതിനെതിരെ പഞ്ചായത്തംഗം പരാതിപ്പെട്ടെന്നു പറഞ്ഞാണ് ബജ്‌റങ്ദൾ പ്രവർത്തകർ എത്തിയതും വീട്ടുകാരുമായി വാക്കേറ്റം നടത്തിയതും. എന്നാൽ തങ്ങൾ ഹിന്ദുക്കളാണെങ്കിലും ക്രിസ്തുമതത്തിലും വിശ്വസിക്കുന്നുണ്ടെന്നു വീട്ടമ്മ ഇവരെ അറിയിച്ചു. നെറ്റിയിൽ സിന്ദൂരം തൊടാത്തത് എന്തെന്നു ബജ്‌റങ്ദൾ അണികൾ ചോദിച്ചു. അതു ചോദിക്കാൻ നിങ്ങളാരാ എന്നു വീട്ടമ്മ കയർത്തതോടെ മതപരിവർത്തനം നടത്തിയെന്നു പറഞ്ഞ് തർക്കമായി.

മതംമാറിയതിനു തെളിവുണ്ടോ എന്നു വീട്ടുകാർ തിരിച്ചു ചോദിച്ചതോടെ ബഹളമായി. പൊലീസ് ഇടപെട്ടാണു ശാന്തമാക്കിയത്. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കർണാടകയിൽ വലിയ പ്രശ്‌നമായി മാറുകയാണ്.

അതേസമയം ബംഗളൂരുവിലെ ഒരു സ്‌കൂളിൽ ക്രിസ്തുമസിന് മാംസാഹാരം വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് സ്‌കൂൾ അടച്ചിടാൻ കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത് വിവാദമായി. ക്രിസ്മസിനു ക്ലാസിൽ മാംസാഹാരവും വൈനും വിളമ്പിയെന്ന ആരോപണത്തെ തുടർന്നു സ്‌കൂൾ അടച്ചിടാൻ ഉത്തരവിട്ട നടപടി വിവാദത്തെ തുടർന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു.

ബാഗൽകോട്ട് ഹുൻഗുണ്ടിലെ സെന്റ് പോൾ സ്‌കൂളിന് എതിരെയായിരുന്നു നടപടി. ക്രിസ്ത്യൻ മിഷനറി സ്ഥാപനമല്ലെന്നും ക്രിസ്മസ് വിരുന്ന് നടത്തിയിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. മാംസവും വൈനും ബൈബിളും നൽകി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മതംമാറ്റാൻ ശ്രമിച്ചെന്ന തീവ്രഹിന്ദു സംഘടനകളുടെ പരാതിയിൽ ഹുൻഗുണ്ട് ബ്ലോക് എജ്യുക്കേഷൻ ഓഫിസറാണ് 26ന് വിവാദ ഉത്തരവിറക്കിയത്. പിന്നാക്കവിഭാഗങ്ങളെ സ്‌കൂളിന്റെ നേതൃത്വത്തിൽ വർഷങ്ങളായി മതപരിവർത്തനം നടത്തുകയാണെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്‌സ് ഓഫിസർ റിപ്പോർട്ടും നൽകി.

എന്നാൽ, നിർബന്ധിത മതപരിവർത്തനം തടയാനുള്ള ബിൽ നിയമമാകും മുൻപ് ഇതിലെ വ്യവസ്ഥകൾ പ്രകാരം നടപടിയെടുത്തതിനെതിരെ പ്രതിഷേധമുയർന്നു. തുടർന്ന്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഉത്തരവ് പിൻവലിച്ചു.