മലപ്പുറം : മലപ്പുറത്തിന്റെ സാമുദായിക സഹവർത്തിത്വത്തെ സിപിഎം ബോധപൂർവ്വം മറച്ചുവെക്കുന്നതായി ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ആർ.എസ്.എസ് പൈശാചിക വൽക്കരിക്കുന്ന മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തെ പ്രചരിപ്പിക്കുന്നതാണ് സിപിഎം നടത്തുന്ന വർഗ്ഗീയ ആരോപണങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാർ സമര ചരിത്രത്തിന്റെ സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എസ്‌ഐ.ഒ കേരള തയ്യാറാക്കിയ 'മാപ്പിള ഹാൽ' ന്റെ പ്രചരണാർത്ഥം എസ്‌ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ കലാജാഥയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ എസ്‌ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ ജമാഅത്തെ ഇസ്ലാമി വള്ളുവമ്പ്രം ഏരിയ പ്രസിഡന്റ് നാസർ വള്ളുവമ്പ്രം തുടങ്ങിയവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന കലാജാഥ ഇന്ന് യൂണിവേഴ്‌സിറ്റിയിൽ സമാപിക്കും.