കൊച്ചി: മിന്നൽ മുരളിയുടെ വിജയത്തിന് പിന്നാലെ വാർത്തകളിൽ ഇടംപിടിക്കുകയാണ് ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും. നായകൻ ടൊവിനോ തോമസും സംവിധായകൻ ബേസിലും കയ്യടി നേടുമ്പോൾ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായ വ്ളാഡി റിങ്ബർഗും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. അത്രക്കും മനോഹരമായാണ് മിന്നൽ മുരളിയുടേയും സൂപ്പർ വില്ലന്റേയും ആക്ഷൻ രംഗങ്ങൾ വ്ളാഡ് അണിയിച്ചൊരുക്കിയത്.

 

 
 
 
View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)

സ്റ്റണ്ട് മാസ്റ്റർ ബസിന്റെ ഡ്രൈവറായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബസിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന വ്ളാഡ് കലൂർ കലൂർ എന്ന് വിളിച്ച് പറഞ്ഞ് ചിരിക്കുന്നുമുണ്ട്. മറ്റുള്ളവർ എളുപ്പത്തിൽ കലൂർ എന്ന് വിളിച്ചു പറയുമ്പോൾ അത് പറയാൻ വ്ളാഡ് നന്നായി പാടുപെടുന്നുണ്ട്.

ചിത്രത്തിലുപയോഗിച്ചിരിക്കുന്ന രക്ഷകൻ എന്ന ബസിന്റെ ഡ്രൈവിങ് സീറ്റിലാണ് വ്ളാഡ് കയറി ഇരിക്കുന്നത്. ബേസിൽ ജോസഫാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ബ്രൂസ്ലി ബിജിയെ സിനിമക്കായി കരാട്ടെ മൂവ്മെന്റുകൾ പഠിപ്പിച്ചതും വ്ളാഡായിരുന്നു. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ, ബ്രദേഴ്സ് എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെയൊക്കെ സ്റ്റണ്ട് മാസ്റ്ററായിരുന്നു വ്ളാഡ്.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. ഇംഗ്ലീഷ് ഉൾപ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സിൽ ലഭ്യമാക്കിയത്.

ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം റീമേക്കിന്റെ റൈറ്റ്സിനായി ബോളിവുഡ് സംവിധായകർ ബേസിലിനെ സമീപിച്ചിരുന്നു. എന്നാൽ മിന്നൽ മുരളി കേരളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയാണെന്നും റീമേക്കിന് താൽപര്യമില്ലെന്നുമാണ് ബേസിൽ പറഞ്ഞത്. സ്പൈഡർമാനും ക്രിഷും ഒന്നേയുള്ളുവെന്നും മിന്നൽ മുരളിയും ഒന്ന് മതിയെന്നും ബേസിൽ കൂട്ടിച്ചേർത്തിരുന്നു.

ഗ്രേറ്റ് ഖാലിയേയും യുവരാജ് സിംഗിനേയും എത്തിച്ച് നിർമ്മിച്ച വീഡിയോകളും എയിൻ ദുബായിൽ പ്രൊമോ പ്രദർശിപ്പിച്ചും വമ്പൻ പ്രചാരണമാണ് മിന്നൽ മുരളിക്ക് നെറ്റ്ഫ്‌ളിക്‌സ് നൽകിയത്.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നൽ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങൾ വഴി അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകൻ വെങ്കട് പ്രഭുവുമെല്ലാം മിന്നൽ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ്-ബേസിൽ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയിൽ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസ്, അജു വർഗീസ്, ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിലെ നായിക.