മലപ്പുറം: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. പൊന്നാനി അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, നാസർ എന്നിവരെയാണ് ബേപ്പൂരിനടുത്തെ കടലിൽ കണ്ടെത്തിയത്. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്.

പട്രോൾ ബോട്ടുകൾ ഇന്നലെ തന്നെ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ കോസ്റ്റ്ഗാർഡും തീരദേശ പൊലീസും വീണ്ടും തിരച്ചിൽ നടത്തി. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികൾ ഇവരെ കണ്ടെത്തിയത്.

എഞ്ചിൻ തകരാറിനെ തുടർന്നാണ് വള്ളം കൃത്യമായി കരക്ക് അടുപ്പിക്കാൻ കഴിയാതിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും തിരച്ചിൽ തുടരുന്നതിനിടെയാണ് ബേപ്പൂരിൽ മത്സ്യത്തൊഴിലാളികൾ വള്ളം കണ്ടെത്തിയത്.

വെള്ളിയാഴ്‌ച്ച മീൻ പിടിക്കാൻ പോയ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷവും വള്ളം കരയിൽ തിരിച്ചെത്താതായതോടെ വള്ളത്തിന്റെ ഉടമ ഷഫീഖ് കോസ്റ്റ് ഗാർഡിനെയും മറ്റും വിവരമറിയിച്ചു.