കോഴിക്കോട്: അതിവേഗ റെയിൽപാതക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി. ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയും യാതൊരു വിധ പാരിസ്ഥിതികാഘാത പഠനങ്ങളും നടത്താതെയും വലിയ തോതിൽ പ്രകൃതി നശീകരണത്തിനും ആവാസ വ്യവസ്ഥയുടെ തകർച്ചയ്ക്കും ഇടയാക്കുന്ന നിർദ്ദിഷ്ട അതിവേഗ റെയിൽപാത പദ്ധതിയുമായി ഒരു കാരണവശാലും മുന്നോട്ട് പോകരുതെന്ന് യുവകലാസാഹിതി ആവശ്യപ്പെട്ടു.

കേരളത്തിന്റെ പരിസ്ഥിതിക സംതുലനം തകിടം മറിച്ചും ഭീമമായ കടബാധ്യത വരുത്തിവെച്ചും അതിവേഗ റെയിൽപാത നിർമ്മിക്കുന്നതിനു പകരം ബദൽ മാർഗങ്ങൾ അന്വേഷിക്കണമെന്ന് യുവകലാസാഹിതി കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലുള്ള റെയിൽപ്പാത വികസനത്തിന് കേന്ദ്ര സർക്കാർ തയ്യാറാകണം. മലയോര ഹൈവേ ഉടൻ പൂർത്തിയാക്കാനും ദേശീയ പാതാ വികസനം വേഗത്തിലാക്കാനും കേരള സർക്കാരും മുൻകയ്യെടുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

ബാങ്ക് എംപ്ലോയീസ് ഹാളിൽ ചേർന്ന കൺവെൻഷൻ യുവകലാസാഹിതി മുൻ അധ്യക്ഷനും കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. കെ റെയിലിനെതിരെ ശബ്ദിച്ചതിന് പല തവണ പഴി കേട്ടുവെന്ന് പി കെ ഗോപി വ്യക്തമാക്കി. നല്ലൊരു കാര്യത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നതിനാൽ പഴി കേട്ടതിൽ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ പാത പ്രകൃതിക്കുമേലുള്ള കടന്നുകയറ്റമാണ്. വികസനം എന്നാൽ കടം പേറലാണെന്ന് ആരാണ് ഭരണകൂടത്തെ പഠിപ്പിച്ചത്. മലകൾ ഇടിച്ചും പാറകൾ തകർത്തും കോടികൾ പൊടിച്ചു കൊണ്ട് ഉണ്ടാക്കുന്ന സിൽവർ ലൈൻ പദ്ധതിയെക്കൊണ്ടുള്ള നേട്ടം ആർക്കാണ്. നിലവിലുള്ള റെയിൽവേ ലൈൻ പരിഷ്‌ക്കരിച്ചുകൊണ്ട് കാര്യങ്ങൾ തീർക്കാമെന്നിരിക്കെ എന്തിന് വേണ്ടിയാണ് പ്രകൃതിക്കുമേലുള്ള ഈ കടന്നുകയറ്റമെന്നും അദ്ദേഹം ചോദിച്ചു.

കെ റെയിൽ വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ പറഞ്ഞു. യുവകലാസാഹിതിക്ക് സാഹിത്യ വിഷയങ്ങളിൽ ഇടപെട്ടാൽ പോരെയെന്നും സർക്കാറിന്റെ വികസന കാര്യത്തിൽ ഇടപെടേണ്ട ആവശ്യമുണ്ടോ എന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാൽ യുവകലാസാഹിതിയെ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും കണ്ണുരുട്ടിയാൽ യുവകലാസാഹിതി പേടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാലത്ത് നല്ല കാര്യങ്ങൾ ചെയ്ത സംസ്ഥാന സർക്കാർ കെ-റെയിൽ പോലുള്ള വിനാശകരമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിൽ വേദനയുണ്ട്. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര സർക്കാറിന് കർഷക വിരുദ്ധമായ കാർഷിക ബില്ലുകൾ പിൻവലിച്ച് പിൻവാങ്ങേണ്ടി വന്നത് അടുത്തിടെയാണ്. ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നിൽ സംസ്ഥാന സർക്കാറിനും തീരുമാനം പിൻവലിക്കേണ്ടിവരും. ശരിയായ നിലപാടുമായി മുന്നോട്ടുപോകുമ്പോൾ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരും. എന്നാൽ മനുഷ്യ സമൂഹത്തിന് ആ നിലപാടുകൾ അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.