കൊൽക്കത്ത: കോവിഡിനൊപ്പം ഓമിക്രോൺ വ്യാപനവും രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് പശ്ചിമ ബംഗാൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തിങ്കളാഴ്ച അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സർക്കാർ യോഗങ്ങൾ വെർച്വലാക്കും.

ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടച്ചുപൂട്ടാൻ തീരുമാനിച്ചു. യു.കെയിൽ നിന്നുള്ള വിമാന സർവീസും നിർക്കലാക്കി. കഴിഞ്ഞ ദിവസം ബംഗാളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്. നിലവിൽ 20 ഓമിക്രോൺ കേസുകളാണ് ബംഗാളിലുള്ളത്. ഓമിക്രോൺ കേസുകളുടെ വ്യാപനവും സംസ്ഥാന സർക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.

ഒരിടവേളത്ത് ശേഷം ലോക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ബംഗാളിൽ ഏർപ്പെടുത്തുന്നത്. കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കോവിഡിന്റെയും ഓമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായതെന്നതിനാലാണ് ബംഗാൾ നിയന്ത്രണം കടുപ്പിച്ചത്.

അതേ സമയം രാജ്യത്ത് ആകെ കോവിഡ് വ്യാപനം തീവ്രമാകുന്നതിന്റെ സൂചനയായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാൽലക്ഷം പിന്നിട്ടു. ഇന്ന് 24 മണിക്കൂറിനിടെ 27553 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഡൽഹി, കേരളം തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ രോഗവ്യാപനമൂലം ഒരാഴ്ചക്കിടെ നാലിരട്ടി വർധനയാണ് പ്രതിദിന രോഗവ്യാപനത്തിലുണ്ടായിരിക്കുന്നത്.

രോഗവ്യാപനം തീവ്രമാക്കുന്നത് ഓമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. 1525 പേർക്ക് രാജ്യത്ത് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചു. രോഗവ്യാപനത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ 460 പേർ ഓമിക്രോൺ ബാധിതരായി.

അതിനിടെ രാജ്യത്ത് 15 മുതൽ 18 വയസുവരെ പ്രായമുള്ളവർക്ക് തിങ്കളാഴ്ച മുതൽ വാക്‌സീൻ നൽകാനുള്ള ക്രമീകരണങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിലയിരുത്തി. പത്ത് കോടി പേരാണ് ഈ പ്രായപരിധിയിൽ വാക്‌സീനേഷന് അർഹരായത്. കഴിഞ്ഞ രാത്രി 12 മണിവരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തോളം പേർ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തു.

വാക്‌സീനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തുന്നവർക്കും വാക്‌സീൻ നൽകും. മുൻഗണന ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കായിരിക്കും. കൊവാക്‌സീനാകും നൽകുക. കോവിഡ് മുന്നണി പോരാളികൾക്കും, അറുപത് വയസിന് മുകളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും 10 മുതൽ കരുതൽ ഡോസ് നൽകി തുടങ്ങും.