- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകരാത്ത റോഡിൽ ടാറൊഴിച്ച് പിഡബ്ല്യൂഡി വക അറ്റകുറ്റപ്പണി; നാട്ടുകാർ സംഘടിച്ചതോടെ നിർത്തി; പ്രതിഷേധമറിഞ്ഞ് നേരിട്ടെത്തി വകുപ്പ് മന്ത്രി; എക്‌സിക്യൂട്ടീവ് എൻജിനിയറോട് റിപ്പോർട്ട് തേടി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേടുപാടുകൾ സംഭവിക്കാത്ത റോഡിൽ പിഡബ്ല്യൂഡി നടത്തിയ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധമറിഞ്ഞതോടെ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ട് സ്ഥലത്തെത്തി. കോഴിക്കോട് കുന്ദമംഗംലം മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലായിരുന്നു സംഭവം.
റോഡിൽ കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി നടത്തിയത്. നാട്ടുകാർ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെച്ചു. തുടർന്ന് പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കരാറുകാരന് സ്ഥലം മാറിപ്പോയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
റോഡിൽ കുഴി ഉണ്ടെന്ന് പറഞ്ഞാണ് കരാറുകാരൻ പണി ആരംഭിച്ചത്. എന്നാൽ ഇത് പണംതട്ടാൻ വേണ്ടി ഉദ്യോഗസ്ഥർ ഉൾപ്പടെ അറിഞ്ഞുകൊണ്ടുള്ള നടപടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്ന് വർഷം മുൻപ് ടാർ ചെയ്ത റോഡാണെന്നും അഴിമതി നടത്താൻ വേണ്ടിയാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതിനെ തുടർന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. ചീഫ് എൻജിനീയറോട് മന്ത്രി വിശദീകരണം തേടി.
അറ്റകുറ്റപണി സംബന്ധിച്ച് എക്‌സിക്യൂട്ടീവ് എൻജിനിയറെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകും. പ്രവൃത്തി നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഇല്ലായിരുന്നെന്നതക്കം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തകരാത്ത റോഡിലാണ് അറ്റകുറ്റപണി നടത്തിയതെങ്കിൽ ഈ പ്രവണത ഇവിടെ മാത്രമാകില്ല. പലയിടത്തും നടക്കാൻ സാധ്യതയുണ്ട്.
തകർന്ന റോഡുകളിൽ രാത്രിയിൽ ഉൾപെടെ അറ്റകുറ്റക്കുറ്റ പണി നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
സമാനമായ രീതിയിൽ ചെറുപുഴ-പുളിങ്ങോം റോഡിലും റീടാറിങ് മാമാങ്കം അരങ്ങേറിയിരുന്നു. മെക്കാഡം ടാറിങ് ചെയ്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്തിയ മരാമത്ത് വകുപ്പിന്റെ നടപടിയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ചെറുപുഴ-പുളിങ്ങോം റോഡിൽ അപകടാവസ്ഥയിലായിരുന്ന വാഴക്കുണ്ടത്തെ കലുങ്ക് പുനർനിർമ്മിച്ചിരുന്നു. ഈ സമയം കലുങ്കിന്റെ ഇരുവശത്തുമായി 10 മീറ്ററോളം ഭാഗത്തെ ടാറിങ് പൊളിച്ചു നീക്കി. ഈ ഭാഗം മാത്രം ടാറ് ചെയ്യുന്നതിനു പകരം കലുങ്കിന്റെ ഇരുവശങ്ങളിലുമായി 100 മീറ്റർ ഭാഗം ടാറിങ് നടത്താനാണു മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയത്.
ഇന്നലെ രാവിലെ ടാറിങ് പ്രവൃത്തി ആരംഭിച്ചപ്പോഴാണു വിവരം നാട്ടുകാർ അറിയുന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കാത്ത ഒട്ടേറെ റോഡുകൾ ഉള്ളപ്പോഴാണു യാതൊരു തകരാറുമില്ലാത്ത റോഡ് വീണ്ടും ടാറ് ചെയ്യാനുള്ള അധികൃതരുടെ തീരുമാനമാണു നാട്ടുകാരെ പ്രകോപിപ്പിച്ചത്. റോഡിൽ ടാർ ഒഴിച്ചു നിർമ്മാണ സാമഗ്രികളും നിരത്തിയതിനാൽ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലായി. ഒടുവിൽ തങ്ങളുടെ പ്രതിഷേധം നാട്ടുകാർ അധികൃതരെ അറിയിച്ചു.
തുടർന്നാണു മരാമത്ത് വകുപ്പ് ടാറിങ് ജോലികൾ പുനരാരംഭിച്ചത്.13 വർഷം മുൻപാണു ചെറുപുഴ -പുളിങ്ങോം റോഡ് മെക്കാഡം ടാറിങ് നടത്തിയത്. റോഡിനു ഇന്നും കാര്യമായ കേടുപാടുകളൊന്നുമില്ല. ഇതിനു ശേഷം മെക്കാഡം ടാറിങ് നടത്തിയ പല റോഡുകളും തകരാൻ തുടങ്ങി. യാതൊരു തകരാറുമില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കു എതിരെ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെആവശ്യം.
മരാമത്ത് വകുപ്പ് മന്ത്രിക്ക് അടുത്ത ദിവസം തന്നെ പരാതി നൽകാനാണു തീരുമാനം. അധികൃതർ പറയുന്നത് വാഴക്കുണ്ടത്ത് മഴക്കാലത്ത് വെള്ളം റോഡിലൂടെയാണു ഒഴുകുന്നത്. ഇത് പരിഹരിക്കാൻ കലുങ്കിന്റെ ഇരുഭാഗത്തുമായി 100 മീറ്റർ നീളത്തിൽ ഓവുചാൽ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണു റോഡിന്റെ 100 മീറ്റർ ഭാഗം ടാറിങ് നടത്തുന്നതെന്നാണു അധികൃതർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ