റിയാദ്: രാജ്യത്ത് കോവിഡ് പ്രോട്ടോക്കോൾ വീണ്ടും നിർബന്ധമാക്കി 24 മണിക്കൂറിനുള്ളിൽ 4,154 ലംഘനങ്ങൾ കണ്ടെത്തിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ കർശനമാക്കിയ മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങളാണ് ഒരു ദിവസത്തിനുള്ളിൽ ഇത്രയും ആളുകൾ ലംഘിച്ചത്.

റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് (1404). മറ്റുമേഖലകളിലെ കണക്ക് ഇങ്ങനെയാണ്: മദീന (530), മക്ക (490), കിഴക്കൻ പ്രവിശ്യ (473), അൽ-ഖസിം (238), വടക്കൻ അതിർത്തി പ്രദേശം (208), അസീർ (194), ഹാഇൽ (165), അൽബാഹ (133), തബൂക്ക് (110), അൽജൗഫ് (82), നജ്‌റാൻ (77), ജിസാൻ (55).

ആരോഗ്യ പ്രതിരോധ നടപടികളും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും രാജ്യത്തെ വിദേശി താമസക്കാരോടും ആവർത്തിച്ചു വ്യക്തമാക്കി. മൂക്കും വായയും മൂടുംവിധം മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതിരിക്കൽ നിയമലംഘനമാണെന്നും ആയിരം റിയാൽ പിഴയുണ്ടാകുമെന്നും ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.