ഇടുക്കി: പൊലീസ് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം നേരിടുന്ന പൊലീസുകാരന് എതിരെ വകുപ്പ് തല അന്വേഷണം. എസ്ഡിപിഐ പ്രവർത്തകർക്ക് പൊലീസിന്റെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിന്റെ പേരിൽ സസ്പെൻഷനിൽ കഴിയുന്ന സിപിഒ അനസ് പികെയ്ക്ക് എതിരെയാണ് അന്വേഷണം. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്നു അനസ് പി.കെ. പൊലീസ് ഡാറ്റാബേസിൽ നിന്നും അനസ് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി.

ഇടുക്കി എസ്‌പിയാണ് ഉദ്യോഗസ്ഥന് എതിരായ വകുപ്പ് തല അന്വേഷണം നടക്കുന്നു എന്ന പ്രതികരണം നടത്തിയത്.'സിപിഒ അനസിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്, പക്ഷേ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ആരംഭിച്ച വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് എതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഔദ്യോഗിക വിവരങ്ങൾ ചോർത്തിയെന്ന പേരിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥന്റെ ഉദ്ദേശ്യം ഉൾപ്പെടെ പരിശോധിക്കും.

പൊലീസുമായി ബന്ധപ്പെട്ട മറ്റ് തന്ത്രപ്രധാനമായ വിവരങ്ങൾ ഇദ്ദേഹം ചോർത്തിയോ എന്നതും അന്വേഷണത്തിൽ പരിശോധിക്കും. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയോ മതനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണ പരിധിയിൽ പെടുന്നുന്നുണ്ടെന്നും പരിശോധിക്കുന്നു' എന്നായിരുന്നു ഇടുക്കി പൊലീസ് സൂപ്രണ്ട് ആർ കറുപ്പസാമിയുടെ പ്രതികരണം.തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ച സംഭവത്തിലെ അന്വേഷണമായിരുന്നു പൊലീസുകാരനായ അനസിലേക്ക് എത്തിയത്.

maഷ്യൽ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കെഎസ്ആർടിസി ബസ് ഡ്രൈവർ മനു സുധൻ എന്നയാൾ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിൽ ഒന്നിൽ നിന്നാണ് അനസിലേക്കുള്ള ആദ്യ സൂചനകൾ ലഭിക്കുന്നത്.പൊലീസ് ഉദ്യോഗസ്ഥൻ ഇയാളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആർഎസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാൾക്ക് വാട്സാപ്പ് വഴി പങ്കുവച്ചെന്നും കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ അനസിനെ പൊലീസ് ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ വിഷയത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ അനസിനെ സസ്പെൻഷൻഡ് ചെയ്യുകയുമായിരുന്നു.