ഹൈദരാബാദ്: യുവാക്കൾക്കുള്ള തൊഴിൽ രഹിത വേതനം കുത്തനെ ഉയർത്തി തെലങ്കാന സർക്കാർ. പ്രതിമാസം ഇനി 3016 രൂപ ലഭികകും. മുഖ്യമന്ത്രി ചന്ദ്ര ശേഖരറാവുവാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. വർധന വരുന്ന സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ നിലവിൽ വരുമെന്നാണ് കണക്കാക്കുന്നത്.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 2018 ൽ തെലങ്കാന രാഷ്ട്ര സമിതി നൽകി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകി പ്രധാന വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു തെഴിൽരഹിത വേതനം വർധിപ്പിക്കുന്നത്. എന്നാൽ അധികാരത്തിലെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പാക്കാത്തതിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ വ്യാപകമായി എതിർപ്പ് ഉയരുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി വൈകുന്നതിനുള്ള കാരണമായി സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാൽ, 201920 ലെ വോട്ട് ഓൺ അക്കൗണ്ട് ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി റാവു ഈ പദ്ധതിക്കായി 1,810 കോടി രൂപ ടോക്കണായി അനുവദിച്ചിരുന്നു. ഇതിന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ആരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി ഒരു സമിതിയെയും നിയോഗിച്ചിരുന്നു.

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 10 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പ്രകാരം സംസ്ഥാനത്തെ തൊഴിൽ രഹിതരായ യുവ ജനങ്ങളുടെ എണ്ണം 10 ലക്ഷം എന്ന കണക്കിൽ എടുത്താൽ പുതിയ പ്രഖ്യാനങ്ങൾ പ്രകാരം പ്രതിവർഷം 3,600 കോടി രൂപ തൊഴിൽ രഹിത വേതനത്തിനായി നീക്കിവയ്ക്കേണ്ടിവരും. എന്നാൽ 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.