ബെംഗളൂരു: അയൽക്കാരെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതായി ആരോപിച്ച് ദലിത് കുടുംബത്തിന് നേരെ ആക്രമണം. ബെളഗാവിയിലുണ്ടായ അക്രമത്തിൽ ദലിത് കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. ഇവർ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്പാർ ഒഴിക്കുകയും മറ്റൊരാളുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.

ലൈംഗികത്തൊഴിലാളിയെന്നു വിളിച്ചെന്നും ആരോപണമുണ്ട്. ഇവരുൾപ്പെടെ 3 സ്ത്രീകളും 2 പുരുഷന്മാരുമാണ് ആശുപത്രിയിൽ. അക്രമികൾ ഒരാളുടെ സ്വർണമാല പൊട്ടിച്ചെടുത്തെന്നും പരാതി നൽകിയാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ചുറ്റുമുള്ള വീടുകളിൽ പ്രാർത്ഥനാ യോഗം നടത്തിയതു ചോദ്യം ചെയ്തായിരുന്നു അക്രമം. 7 പേർക്കെതിരെ പൊലീസ് കേസെടുത്തു.