'കൈലാസനാഥ'നായി മലയാളി പ്രേക്ഷകരുടെ മനസ്സിലും ഇടം നേടി ഹിന്ദി സിനിമ-സീരിയിൽ താരം മോഹിത് റെയ്‌ന വിവാഹിതനായി. കാമുകി അതിഥി ശർമയ്ക്കാണ് മോഹിത് താലികെട്ടിയത്. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം.

സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ചാണ് മോഹിത് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്ന് മോഹിത് ചിത്രങ്ങൾക്കൊപ്പം കുറിച്ചു. വെള്ള ഷെർവാണിയിൽ അതീവ സുന്ദരനായാണ്് മോഹിത്ത് വിവാഹ വേദിയിലെത്തിയത്. അതിഥി പ്രിന്റഡ് ലെഹംഗയിലാണ് വധുവായി ഒരുങ്ങിയത്.

'ദേവോം കീ ദേവ് മഹാദേവ്' എന്ന സീരിയലിൽ ഭഗവാൻ ശിവന്റെ വേഷം അവതരിപ്പിച്ചാണ് മോഹിത് പ്രേക്ഷകപ്രീതി നേടുന്നത്. ഈ സീരിയൽ വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് സംപ്രേഷണം ചെയ്തിരുന്നു. ഇത് മോഹിത്തിനെ പ്രശസ്തനാക്കി. മോഹി ബാന്ധിനി, ഗംഗ കി ദീജ്, ചെഹ്‌റ ആൻഡ് ചക്രവർത്തിൻ അശോക സമ്രാട്ട് എന്നിവയാണ് മറ്റു സീരിയലുകൾ. ഉറി: ദ് സർജിക്കൽ സ്‌ട്രൈക്ക് എന്ന സിനിമയിലും അഭിനയിച്ചു.