സകരവും വിജ്ഞാന പ്രദവുമായ നിരവധി വീഡിയോകൾ കേരളാ പൊലീസിന്റെ സോഷ്യൽ മീഡിയാ പേജിൽ വരാറുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ രാത്രി പത്തരയോടെ എത്തിയ ഒരു അമ്മയുടേയും കുഞ്ഞിന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

രാത്രിയോടെ പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിയതായിരുന്നു കുട്ടിയാനയും അമ്മയാനയും. അടച്ചിട്ടിരുന്ന ഇരുമ്പുവാതിൽ തുറക്കാനായിരുന്നു അമ്മ ആനയുടെ ശ്രമം. അമ്മയ്ക്കരികിലായി കുട്ടിയാനയും നിലയുറപ്പിച്ചു. വാതിൽ തുമ്പിക്കൈകൊണ്ട് തട്ടി തുറക്കാൻ ശ്രമിച്ചച്ചെങ്കിലും നടന്നില്ല. ആന വാതിൽ തുറന്ന് അകത്തുകടക്കാൻ ശ്രമിക്കുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പരിഭ്രമിച്ചു.

തറ ചവിട്ടിപ്പൊളിച്ചും ഇരുമ്പുവാതിൽ വളച്ചുമൊക്കെ ചില്ലറ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാണ് അമ്മയും കുഞ്ഞും മടങ്ങിയത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ നിന്നെത്തിയതാണ് ആനകൾ. പൊലീസ് സ്റ്റേഷനിലെത്തിയ ആനകൾ അരമണിക്കൂറോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷമാണ് മടങ്ങിയത് . പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാൻ വിഡിയോ കാണുക എന്ന അടിക്കുറിപ്പോടെയാണ് കേരള പൊലീസ് ഈ വിഡിയോ പങ്കുവച്ചത്. നിരവധി ആളുകൾ രസകരമായ അഭിപ്രായങ്ങളും പേജിൽ പങ്കുവച്ചിട്ടുണ്ട്.