തൃശ്ശൂർ: രാജ്ഭവനിൽ ഇനി അന്തേവാസികളായി വെച്ചൂർ പശുവും മലബാറി ആടും. ഗവർണർക്ക് വളർത്താനാണ് പശുവിനെയും ആടിനെയും എത്തിച്ചത്. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെ ഫാമിൽനിന്നുള്ള പശുക്കളെയും ആടിനെയുമാണ് രാജ്ഭവനിലെത്തിച്ചത്. അകമ്പടിയായി അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പോയിട്ടുണ്ട്.

കറവയുള്ള രണ്ട് വെച്ചൂർ പശുക്കളെയും കുട്ടികളെയും രാജ്ഭവനിൽ എത്തിച്ചുകഴിഞ്ഞു. അസിസ്റ്റന്റ് പ്രൊഫസറും സീനിയർ ഫാം സൂപ്പർവൈസറും ഉൾപ്പെടെ മൂന്നുപേരാണ് വെച്ചൂർ പശുക്കളെയെത്തിക്കാൻ അകമ്പടി പോയത്. ആടുകളെ കൊണ്ടുപോകുമ്പോഴും ഇത്രതന്നെ ഉദ്യോഗസ്ഥർ കൂടെ പോകാനാണ് സർവകലാശാല അധികൃതർ നിർദേശിച്ചിരിക്കുന്നത്.

ആട്ടിൻകൂട്ടിനെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകാനായി മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറെയും നിയോഗിച്ചിട്ടുണ്ട്. 10 ആടുകളെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെച്ചൂർ പശുവിന് 75,000 രൂപയോളം വിലയുണ്ട്. വലിയ ആടിന് 16,000 രൂപയോളം വിലവരും. വെച്ചൂർ പശുവിനൊപ്പം 20 കോഴികളെയും രാജ്ഭവനിലേക്ക് കൊണ്ടുപോയിരുന്നു. കൂട് ഉൾപ്പെടെയാണ്് കൊണ്ടു പോയത്. ആടുകളുമായി പോകുമ്പോൾ 10 കിലോ കോഴിത്തീറ്റ കൊണ്ടുപോകണമെന്നും ഉത്തരവിലുണ്ട്.