- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാവപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങളെ ലോൺ കൊടുത്ത് കാൽക്കീഴിലാക്കിയ ശേഷം ചൈന അമേരിക്കയുടെ അടുക്കളപ്പുറത്തേക്ക് ചുവട് മാറ്റുന്നു; പലിശ കുറഞ്ഞ ലോണും സകലനിയന്ത്രണങ്ങളും ഉറപ്പാക്കുന്ന 5 ജി നെറ്റ്വർക്കുമായി വ്യാളികൾ ലാറ്റിൻ അമേരിക്കയിലേക്ക്
പുതിയ ലോക പൊലീസായി മാറുവാനുള്ള ചൈനയുടെ ശ്രമം കൂടുതൽ ശക്തവും വ്യക്തവുമാവുകയാണ്. അഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളെ കടക്കെണിയിൽ പെടുത്തി കാൽക്കീഴിലാക്കിയ ശേഷം ഇപ്പോൾ ചൈന ശ്രദ്ധകേന്ദ്രീകരിക്കുന്നത് ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമാണ്. ചൈനീസ് ശക്തിക്ക് ആഗോളാടിസ്ഥാനത്തിൽ തന്നെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമുണ്ടാക്കുക എന്നതുതന്നെയാണ് ചൈന ഇതിലൂടെ നോട്ടമിടുന്നത്.
സാധാരണ ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതികൾ, അതുപോലെ സമാധാനപരമായ ബഹിരാകാശ ഉദ്യമങ്ങൾ, 5 ജി നെറ്റ്‌വർക്കുകളുടെ വികസനം എന്നിവയിലാണ് ചൈന ഈ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചാരപ്രവർത്തനം നടത്തുകയും അതുപോലെ പലിശ കുറഞ്ഞ വായ്പകൾ വികസനത്തിന്റെ പേരിൽ നൽകി രാജ്യങ്ങളെ കടക്കെണിയിലാക്കി കാൽക്കീഴിൽ കൊണ്ടുവരിക എന്നതാണ് ചൈനയുടെ ഉദ്ദേശമെന്ന് അമേരിക്ക ആരോപിക്കുന്നു. തങ്ങൾ സഹായം നൽകുന്ന രാജ്യങ്ങളിലെല്ലാം സ്‌കൂളുകൾ പണിയുവാനും അതുപോലെ ചൈനീസ് ഭാഷ പഠിപ്പിക്കുവാനുമുള്ള സൗകര്യം ചൈന ഒരുക്കും. ചൈനയുടെ താത്പര്യങ്ങൾ നടപ്പിലാക്കുവാനുള്ള നടപടിയാണിതെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനമുയർന്നിരുന്നു.
അമേരിക്കയുടെ ഉമ്മറമുറ്റത്ത് അധികാരമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം തന്നെ ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും തുറമുഖങ്ങൾ പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ചൈന ലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞിരിക്കുന്നു. തുറമുഖങ്ങൾക്ക് പുറമെ റോഡുകളും പവർപ്ലാന്റുകളുമൊക്കെ ഇതിൽ ഉൾപ്പെടും. ലാറ്റിൻ അമേരിക്കയിലെ നിർണ്ണായക ശക്തിയായി മാറാനാണ് ഇതുവഴി ചൈന ശ്രമിക്കുന്നതെന്ന് ഹെറിടേജ് ഫൗണ്ടേഷനിലെ ഗവേഷകനായ മേറ്റോ ഹെയ്ഡർ പറയുന്നു.
സമഗ്രമായ ഒരു വെല്ലുവിളി തന്നെയാണിത്. മാത്രമല്ല ഇതിൽ സുരക്ഷയും സൈനിക താത്പര്യവും ഉൾപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. സോവിയറ്റ് കാലത്ത് കണ്ടതിൽ നിന്നും വിഭിന്നമായ ഭീഷണിയാണിതെന്നും അത് നാൾക്ക്നാൾ വളർന്ന് വരികയാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലാറ്റിൻ അമേരിക്കയെ കീഴടക്കണമെന്ന് ചൈന ഒരിക്കലും പറയുകയില്ല. പക്ഷെ വൈവിധ്യമാർന്ന മാനങ്ങൾ ഉള്ള തന്ത്രങ്ങളാണ് അവർ ആവിഷ്‌കരിക്കുന്നത്. അത് വിജയിച്ചാൽ അമേരിക്കയ്ക്ക് വൻ ഭീഷണിയായി മാറുമെന്ന് യു എസ് ആർമി വാർ കോളേജിലെ പ്രൊഫസർ ഇവാൻ എല്ലിസ് പറയുന്നു.
ലാറ്റിൻ അമേരിക്കയിലെ ഒട്ടുമിക്ക രാജ്യങ്ങളും ഉൾക്കൊള്ളുന്ന ലാറ്റിൻ അമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റേറ്റ്സ് സഖ്യവുമായി വിവിധ മേഖലകളിൽ സഹകരിക്കുവാനുള്ള കരാർ ചൈന കഴിഞ്ഞമാസം ഒപ്പുവെച്ചിരുന്നു.ഈ മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങളായ ബ്രസീൽ, അർജന്റീന, കൊളംബിയ, വെനെസുല, ഉറുഗ്വേ ചിലി തുടങ്ങിയ രാജ്യങ്ങൾ എല്ലാം തന്നെ ഈ സഖ്യത്തിലെ അംഗങ്ങളാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഈ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് ചൈനയുടെ ഓരോ നീക്കവും.
കരാറിലെ മിക്ക കാര്യങ്ങളും തികച്ചും സാധാരണമായ, പ്രകൃതി സംരക്ഷണം, ഹരിത സാങ്കേതിക വിദ്യയുടെ വികസനം, സുസ്ഥിരത എന്നിവയാണെങ്കിലും ചില മേഖലകൾ അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്നതാണ്. അതിലൊന്നാണ് അണവ സാങ്കേതികവിദ്യാ കൈമാറ്റം. ലാഭകരമായ ആണവോർജ്ജ പ്ലാന്റുകൾ നിർമ്മിക്കുക മുതൽ ആണവ ശാസ്ത്രജ്ഞന്മാർക്ക് പരിശീലനം നൽകുന്ന വ്യവസ്ഥ വരെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
തികച്ചും സമാധാനപരമായ ആവശ്യങ്ങൾക്കായാണ് ആണവവിദ്യാ കൈമാറ്റം എന്ന് കരാറിൽ ഉണ്ടെങ്കിലും ആണവോർജ്ജം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ ആണവായുധങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാം എന്നതിനാൽ ഇത് തീർച്ചയായും അമേരിക്കയ്ക്ക് ഭീഷണി തന്നെയാണ്. തെക്കെ അമേരിക്കയിൽ ആയുധേതര ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന പ്ലാന്റുകൾ ആയുധങ്ങൾ നിർമ്മിക്കുവാനും ദുരുപയോഗപ്പെടുത്തിയേക്കുമെന്ന് അമേരിക്ക ഭയക്കുന്നു. അടുത്തകാലത്തായി ഇവയിൽ പല രാജ്യങ്ങളും ചൈനയിൽ നിന്നുംസൈനിക സഹായം തേടുന്നതിനെതിരെയും അമേരിക്ക ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ സാങ്കേതിവിദ്യ വികസിപ്പിക്കുന്നതിലും ചൈന സഹായം നൽകുന്നുണ്ട്. ഇതും അമേരിക്കയെ വിഷമിപ്പിക്കുന്ന കാര്യമാണ്. ലാറ്റിൻ അമേരിക്കയിൽ സാന്നിദ്ധ്യം ഉണ്ടായാൽ ചൈനയ്ക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ചാരപ്രവർത്തനം നടത്താൻ കഴിയുമെന്ന് അമേരിക്ക ഭയക്കുന്നു. ആശയവിനിമയത്തിനുള്ള ഉപഗ്രഹം വികസിപ്പിക്കുന്നു എന്ന് പറഞ്ഞ ആരംഭിച്ച പ്രവർത്തനം അവസാനിച്ചത് ചൈനയുടെ സൂപ്പർസോണിക് ആണവായുധ വാഹക മിസൈലിന്റെ രൂപീകരണത്തിലാണെന്നത് പ്രത്യേകം ഓർക്കേണ്ട കാര്യമാണ്.
മറുനാടന് മലയാളി ബ്യൂറോ