ജയ്പുർ: രാജസ്ഥാനിലെ ബുണ്ടിയിൽ കൊല്ലപ്പെട്ട 16 വയസ്സുകാരി മരണത്തിന് മുമ്പും ശേഷവും നേരിടേണ്ടി വന്നതുകൊടുംക്രൂരത. പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

മരണം സംഭവിച്ചതിന് ശേഷവും പ്രതികൾ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ ശരീരമാസകലം മുറിവുകളും പാടുകളും ഉണ്ടെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മാത്രം മുപ്പതിലേറെ മുറിവുകളാണുണ്ടായിരുന്നത്.

ഡിസംബർ 23-ാം തീയതിയാണ് ആടുകളെ മെയ്‌ക്കാനായി വയലിൽപോയ പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിൽ പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. നഗ്‌നമായ നിലയിൽ ശരീരമാസകലം മുറിവേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടുകയും ചെയ്തു. 

ബലാത്സംഗശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ദുപ്പട്ട കൊണ്ട് കുട്ടിയെ കെട്ടിയിട്ടതായും പൊലീസ് പറഞ്ഞു.

തന്റെ ജീവിതത്തിൽ ഇത്രയും ദാരുണമായൊരു സംഭവം കണ്ടിട്ടില്ലെന്നായിരുന്നു കൊലപാതകത്തെക്കുറിച്ചുള്ള ബുണ്ടി എസ്‌പി. ജയ് യാദവിന്റെ പ്രതികരണം. അതിനിടെ, സംഭവത്തിൽ പ്രതികൾക്കെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് ബുണ്ടി ബാർ അസോസിയേഷൻ അംഗങ്ങളും അറിയിച്ചു.