തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൂന്നു ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനത്തിനു സർക്കാർ വിജ്ഞാപനം. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് പഠനം നടത്തുക.

നേരത്തെ കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. കേരള വോളന്ററി ഹെൽത്ത് സർവീസസാണ് തിരുവനന്തപുരത്തും കാസർഗോഡും സാമൂഹികാഘാത പഠനം നടത്തുക. എറണാകുളത്ത് പഠന ചുമതല രാജഗിരി ഔട്ട്‌റീച്ച് സൊസൈറ്റിക്കാണ്. നൂറു ദിവസത്തിനുള്ളിൽ പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

കാസർഗോഡ് 142.9665 ഹെക്ടർ ഭൂമിയും എറണാകുളത്ത് 116.3173 ഹെക്ടർഭ ഭൂമിയും തിരുവനന്തപുരത്ത് 130.6452 ഹെക്ടർ ഭൂമിയുമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കാസർഗോഡ് ജില്ലയിൽ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണു പാത കടന്നു പോകുന്നത്. ഈ വില്ലേജുകളിലെ നിർദിഷ്ട സ്ഥലങ്ങളിൽ പഠനം നടത്തുന്നതിനായാണ് വില്ലേജുകളും പ്രദേശങ്ങളും ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലിലെ മൂന്നു താലൂക്കുകളിലായി 14 വില്ലേജുകളിൽ പഠനം നടത്തുന്നതിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എറണാകുളം ജില്ലയിലെ നാല് താലൂക്കുകളിലെ 17 വില്ലേജുകളിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്.