തിരുവനന്തപുരം: കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌ക്കരിക്കണമെന്നും കോൺഗ്രസും സിപിഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസനനേട്ടങ്ങളാണുണ്ടാക്കിയതെന്നും ചെറിയാൻ ഫിലിപ്പ്.

ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണെന്നും സിപിഐ, സിപിഎം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണുണ്ടായതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സിപിഎമ്മിനേക്കാൾ സംഘടനാ ശക്തിയും ബഹുജന പിന്തുണയും സിപിഐക്കാണെന്ന് പറഞ്ഞാണ് ചെറിയാൻ ഫിലിപ്പ് വാക്കുകൾ അവസാനിപ്പിച്ചത്. കോൺഗ്രസിനെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം മുറുകുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്രകടനം നടത്തിയത്.

ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റ്

ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം,

കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌ക്കരിക്കണം. കോൺഗ്രസും സിപിഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 111 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്.

എഴുപതുകളിൽ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സിപിഐ എൺപതിൽ സി പി എം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണുണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സി പി എമ്മിനേക്കാൾ സംഘടനാ ശക്തിയും ബഹുജ പിന്തുണയും സിപിഐ ക്കാണ്.