- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കൊഴിഞ്ഞാമ്പാറയിലും അകത്തേത്തറയിലും തേനീച്ചയുടെ ആക്രമണം; രണ് പേർ കുത്തേറ്റ് മരിച്ചു
പാലക്കാട്: പാലക്കാട് പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. കൊഴിഞ്ഞാമ്പാറയിലും അകത്തേത്തറ തെക്കേത്തറയിലുമായാണ് തേനീച്ച ആക്രമകാരികളായത്. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരാളെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. അകത്തേത്തറ ചെക്കിനിപ്പാടം വിശാലാക്ഷിമന്ദിരത്തിൽ കനകന്റെ മകൻ ശരവണൻ (46), വടകരപ്പതി കോഴിപ്പാറ വെള്ളച്ചികുളം കെ. കൃഷ്ണൻ (50) എന്നിവരാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്.
അകത്തേത്തറയിലുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റ തെക്കേത്തറ നാഗമ്പള്ളത്ത് വീട്ടിൽ ശിവദാസൻ, ശിവദാസന്റെ ഭാര്യ വിമല, മരുമകൻ ശ്രീജിത്ത്, ശിവദാസന്റെ സഹോദരൻ മുരുകൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവദാസനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയാണ് അകത്തേത്തറയിൽ തേനീച്ചയിളകിയത്. തെക്കേത്തറയിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനുസമീപമുള്ള വീട്ടുവളപ്പിലെ തേനീച്ചക്കൂടിളകിയാണ് സംഭവം. മരിച്ച ശരവണൻ അകത്തേത്തറ എൻജിനിയറിങ് കോളേജ് ഹോസ്റ്റലിലെ പാചകക്കാരനാണ്. കാറ്ററിങ് പണി ചെയ്യുന്നയാളുമാണ്. തെക്കേത്തറയിലെ പരിചയക്കാരനായ ശിവദാസന്റെ വീട്ടിൽ കാറ്ററിങ്ങിന്റെ ഓർഡറുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസാരിക്കാനെത്തിയതായിരുന്നു ശരവണൻ.
വീട്ടിൽനിന്നിറങ്ങി ബൈക്കെടുത്ത് തിരിച്ചുപോകുന്നതിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ എത്തിയത്. തേനീച്ചകൾ ശരവണനെ തലയിലും ശരീരമാകെയും വളഞ്ഞുപൊതിഞ്ഞു. ഉടനെ ശിവദാസന്റെ വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവരെയുൾപ്പെടെ കൂട്ടത്തോടെയെത്തിയ തേനീച്ചകൾ ആക്രമിക്കുകയായിരുന്നു.
നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വീട്ടുപരിസരത്തേക്ക് അടുക്കാൻകഴിയാത്ത സ്ഥിതിയായിരുന്നു. തുടർന്ന്, ചാക്കുകളും തീപ്പന്തവുമൊക്കെ കൊളുത്തിയാണ് തേനീച്ചകളെ അകറ്റിയത്. ശേഷം നാട്ടുകാർ വാതിൽതുറന്ന് വീട്ടിലുള്ളവരെ ആശുപത്രിയിൽ എത്തിക്കയായിരുന്നു. പരിസരത്തുള്ള നിരവധിപേർക്ക് കുത്തേറ്റെങ്കിലും ഇവർക്ക് സാരമായ പരിക്കില്ല. സംഗീതയാണ് ശരവണന്റെ ഭാര്യ. മക്കൾ: ധനലക്ഷ്മി, സൗമ്യ.
കൊഴിഞ്ഞാമ്പാറയിൽ ചൊവ്വാഴ്ചരാവിലെ പത്തുമണിയോടെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം തെങ്ങിൻതോട്ടം നോക്കാൻ പോയതായിരുന്നു കൃഷ്ണൻ. കൂട്ടത്തോടെയെത്തിയ തേനീച്ചകളുടെ കുത്തേറ്റ് അവശനായ കൃഷ്ണനെ ഒഴലപ്പതിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലും തുടർന്ന്, നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. പ്രസന്നകുമാരിയാണ് ഭാര്യ. മക്കൾ: വിഷ്ണുപ്രസാദ്, ജിഷ്ണുപ്രസാദ്. സഹോദരങ്ങൾ: കേശവൻ, രാമൻകുട്ടി, സത്യഭാമ, പാർവതി.