ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ കൂനൂർ ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന് കൈമാറി.

എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ പ്രതിരോധ മന്ത്രിയോട് എയർമാർഷൽ വിശദീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

ബിപിൻ റാവത്തും കുടുംബവും സൈനികരും സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളിൽ തകർന്ന് വീണ് ജനറൽ റാവത്തും ഭാര്യ മധുലികയും മറ്റ് 11 സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ടത് ഡിസംബർ എട്ടിനാണ്.

കൂനൂർ കോപ്ടർ അപകടത്തിനു പിന്നിൽ അട്ടിമറി നടന്നിട്ടില്ലെന്ന് അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു. മോശം കാലാവസ്ഥ കാരണമാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന.

ഹെലികോപ്റ്റർ യാത്രയ്ക്കുൾപ്പടെ നിലവിലുള്ള പ്രോട്ടോക്കോളിൽ വരുത്തേണ്ട മാറ്റങ്ങളും അന്വേഷണ സമിതി റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് മൂലമാകാം എന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ എന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.