ലഖ്നൗ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊതുപരിപാടികൾ ഒഴിവാക്കി ബിജെപിയും കോൺഗ്രസും. രാജ്യത്ത് ഓമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നോയിഡയിൽ നടത്താനിരുന്ന സർക്കാർ പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിവാക്കി.

കഴിഞ്ഞദിവസം സംസ്ഥാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത നൂറ് കണക്കിന് സ്ത്രീകളും യുവതികളും മാസ്‌ക് പോലും ധരിക്കാതെ എത്തിയ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ആൾക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികൾ പാർട്ടികൾ ഒഴിവാക്കുന്നത്.

രോഗവ്യാപനതോത് ഉയരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന സ്ഥിതിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ വിലയിരുത്തുന്നത്.

സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ മനസ്സിലാക്കി മാത്രം മുൻനിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടുപോയാൽ മതിയെന്ന് നിർദ്ദേശം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ഉത്തർപ്രദേശിലും തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മറ്റ് സംസ്ഥാനങ്ങളിലും നടത്താനിരുന്ന റാലികൾ ഒഴിവാക്കിയതായും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മൂന്നാം തരംഗത്തിന്റെ സൂചനകൾ വ്യക്തമായ സ്ഥിതിക്ക് വലിയ റാലികൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും കോൺഗ്രസ് കത്തയച്ചു.