ന്യു യോർക്ക്: അമേരിക്കയിൽ പൊലീസിൽ ചേരുന്ന അഞ്ചാമത്തെ മലയാളി വനിതയാണ് അഞ്ജലി അലക്സാണ്ടർ. ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ പെല്ലാം വില്ലേജ് മേയർ ചാൻസ് മുള്ളൻസ് മുമ്പാകെ അഞ്ജലി സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റൊരു ചരിത്രവും കൂടി സൃഷ്ടിക്കപ്പെട്ടു. പിതാവും പുത്രിയും ഒരേ സമയം പൊലീസ് ഓഫീസർമാർ. ദക്ഷിണേന്ത്യക്കാർക്കിടയിൽ ഇതാദ്യം.

പിതാവ് ടൈറ്റസ് അലക്സാണ്ടർ വെസ്റ്റ് ചെസ്റ്ററിലെ റൈബ്രൂക്കിൽ ഓഫീസറാണ്. ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിൽ 1997-ൽ ഓഫീസറായി. വേൾഡ് ട്രേഡ് സെന്റർ ആക്രണകാലത്ത് അവിടെ എത്തിയ ആദ്യ ഓഫീസർമാരിൽ ഒരാളായിരുന്നു.

പിന്നീട് 2006-ൽ വെസ്റ്റ് ചെസ്റ്ററിലെ തന്നെ ന്യൂറോഷൽ പൊലീസിലേക്ക് മാറി. അതിനുശേഷം റൈ ബ്രൂക്കിലേക്കും. സ്ഥലം മാറ്റമല്ല, ടെസ്റ്റ് ഒക്കെ എഴുതി തന്നെ വേണം പുതിയ സ്ഥലത്ത് ജോലി നേടാൻ.

പൊലീസ് ജോലിയോട് ചെറുപ്പത്തിലേ താത്പര്യമുണ്ടായിരുന്നുവെന്ന് ഓഫീസർ ടൈറ്റസ് പറഞ്ഞു. പുത്രി പക്ഷെ പഠിച്ചത് നഴ്സിംഗാണ്. അതിനുശേഷം റോഡിയോളജി. ഏതാനും നാൾ മുമ്പ് പെല്ലാമിൽ പൊലീസ് ഓഫീസർ ടെസ്റ്റ് എഴുതി. പെട്ടെന്നു തന്നെ അവിടെ നിന്ന് വിളിയും വന്നു. ഇനി അഞ്ചര മാസത്തെ ട്രെയിനിങ് ഉണ്ട്.

നഴ്സിങ് പോലെ തന്നെ ജനസേവനം നടത്തുന്ന രംഗമാണ് പൊലീസും എന്നു ടൈറ്റസ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും കുഴപ്പമില്ല.

പൊലീസിലെ ജോലി കുറച്ച് കഠിനം ആണെന്നത് ശരി തന്നെ. പ്രത്യേകിച്ച് അടുത്ത കാലത്തായി. അതുപോലെ തന്നെ അതിൽ ഇപ്പോഴും ഒരു റിസ്‌ക് എപ്പോഴുമുണ്ട്. എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എങ്കിലും അത്രയ്ക്ക് ആശങ്കപ്പെടേണ്ടതില്ല.

താനൊക്കെ ജോലിക്ക് കയറുമ്പോൾ വിവേചനവും മറ്റും അനുഭവപ്പെട്ടിരുന്നു. നമ്മുടെ നിറം കാണുമ്പോൾ ഇതാരെന്നു മറ്റുള്ളവർ ചിന്തിക്കുന്ന കാലം. പക്ഷെ ഇന്നിപ്പോൾ പൊലീസിൽ നിറയെ വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നുള്ളവരാണുള്ളത്. ധാരാളമായി ഇന്ത്യക്കാരും മലയാളികളും പൊലീസിൽ ചേരുന്നു.ടൈറ്റസ് എട്ടാം വയസിലാണ് അമേരിക്കയിലെത്തിയത്.

ടൈറ്റസിന്റെ ഭാര്യ ഷൈനി അലക്സാണ്ടർ ആർ.എൻ ആണ്. ഇളയ പുത്രൻ മാത്യു വിദ്യാർത്ഥി. ടൈറ്റസിന്റെ പിതാവ് പരേതനായ വി.എ. അലക്സാണ്ടർ വേങ്കടത്ത് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായിരുന്നു. കോട്ടയത്ത് പത്രപ്രവർത്തകനായിരുന്ന അദ്ദേഹം കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റായിരിക്കെയാണ് (1970) പ്രസ്‌ക്ലബിന്റെ തിരുനക്കരയിലെ കെട്ടിടം നിർമ്മിച്ചത്. കെ.എം. റോയി ആയിരുന്നു അന്നത്തെ സെക്രട്ടറി. അമ്മ പരേതയായ ഏലിയാമ്മ അലക്സാണ്ടർ മാരാമൺ സ്വദേശി.

ഓഫീസർ അഞ്ജലി അലക്സാണ്ടറെ അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് പ്രസിഡന്റ് തോമസ് ജോയി (തമ്പാൻ) സംഘടനയിലേക്ക് സ്വാഗതം ചെയ്തു. പിതാവും പുത്രിയും ഒരേസമയം അംഗമാകുന്നതിൽ അദ്ദേഹം അഭിമാനംകൊണ്ടു.