ന്യൂഡൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം ഫ്ളൈ ഓവറിൽ കുടുങ്ങി യാത്ര ഒഴിവാക്കേണ്ടി വന്ന സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പാർട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബിൽ കണ്ടതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നിർമ്മിത സംഭവങ്ങളാണ് പഞ്ചാബിലുണ്ടായത്. ജനം നിരന്തരമായി തിരസ്‌കരിച്ചത് കോൺഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ഇന്നത്തെ സംഭവങ്ങളിൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷ വീഴ്ചയിൽ ഉത്തരവാദികൾക്കെതിരെ നടപടി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സംഭവം സംസ്ഥാന പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറിൽ കുടുങ്ങി.

വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. പഞ്ചാബ് സർക്കാർ മനഃപൂർവം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ആരോപണം.

എന്നാൽ ഹെലികോപ്റ്റർ മാർഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി വിശദീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പഞ്ചാബിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് പരിപാടികൾ റദ്ദാക്കി.