ആലപ്പുഴ: പുകയില ഉൽപ്പന്നങ്ങൾ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയായിരുന്നു സംഭവം. ബാംഗ്ലുരിൽ നിന്നും ലഹരി വസ്തുക്കൾ ആലപ്പുഴയിലേക്ക് കൊണ്ടുവന്നതാണെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.

മെസൂർ-കൊച്ചുവേളി എക്സ്‌പ്രസ് ട്രെയിനിൽ ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങൾ എന്ന പേരിൽ ഒൻപത് പെട്ടികളിയായിരുന്നു ഇത് കണ്ടെത്തിയത്. ഏകദേശം 436 കിലോ ഗ്രാം തൂക്കം വരുന്ന ലഹരിവസ്തുക്കൾക്ക് മൂന്ന് ലക്ഷം രൂപ വിലവരും.

ഇവ എത്തിക്കേണ്ട ആളുടെ പേര് വിവരങ്ങൾ പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ പൊലീസ് ട്രെയിനുകളിലെ പരിശോധന കർശനമാക്കിയിരുന്നു.

ഇതേതുടർന്ന് ലഹരി വസ്തുക്കൾ സ്വീകരിക്കാനെത്തിയവർ പൊലീസിനെ കണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇൻസ്‌പെക്ടർ ബി എൽ ബിനുകുമാർ, എഎസ്‌ഐ അജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.