- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുറിയിൽ ഗായകന്റെ പ്രത്യേക ഗാനമേള; ഏതാനും പാട്ടുകൾ മൂളിയതിന് നൽകിയത് 3 ലക്ഷം! നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് നിഷാദ് കളിയിടുക്കലിനുണ്ടായിരുന്നത് വമ്പൻ ഗ്യാങ്; ട്രാവൻകൂർ ബിൽഡേഴ്സിലെ ഇഡി റെയ്ഡ് ചർച്ചയാക്കുന്നതും മാഫിയാ ഇടപെടൽ; മോറിസ് കോയിനിലെ വില്ലൻ പുറത്തു വരുമോ?
കണ്ണൂർ: മോറിസ് കോയിൻ എന്ന നിലവിലില്ലാത്ത ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദ്(നിഷാദ് കളിയിടുക്കിൽ) പിരിച്ചെടുത്തത് ശതകോടികളാണ്. 1300 കോടിയുടെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ എത്തിയതോടെ ഇയാൾ രാജ്യം വിട്ടു. മൗറീഷ്യസിലേക്കാണ് കടന്നതെന്നാണ് സൂചന. സൗദി വഴിയായിരുന്നുവേ്രത യാത്ര. ക്രിപ്‌റ്റോ കറൻസിയുടെ പേരിലുള്ള തട്ടിപ്പ് എന്നതിൽനിന്നു തുടങ്ങിയ കേസ് ഇപ്പോൾ സിനിമാമേഖലയിൽ വരെയെത്തി നിൽക്കുന്നു.
കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണു വൻ മണി ചെയിൻ തട്ടിപ്പു കണ്ടെത്തിയത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും വിഷയത്തിൽ ഇടപെട്ടിരിക്കുന്നു. പ്രമുഖ നടന്റെ സ്ഥാപനങ്ങളിൽ ഇഡിയുടെ റെയ്ഡും നടന്നു. എന്നാൽ റെയ്ഡിന് മോറിസ് കോയിൻ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് നടൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അങ്ങനെ അല്ല കാര്യങ്ങളെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകുന്ന സൂചന. ബിറ്റ് കോയിൻ തട്ടിപ്പുകാരിൽ നിന്നുള്ള പണം ഉണ്ണി മുകുന്ദന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് സൂചന. എന്നാൽ ഈ തട്ടിപ്പിൽ നടൻ ഉണ്ണി മുകുന്ദന് പങ്കില്ലെന്നും ഇഡി വിലയിരുത്തുന്നുണ്ട്. തട്ടിപ്പു തുക സിനിമകളിലേക്ക് നിക്ഷേപിക്കാനുള്ള മുഹമ്മദ് നിഷാദിന്റെ തന്ത്രമാണ് ഉണ്ണി മുകുന്ദനെ കണ്ടെത്തിയതെന്നും സൂചനയുണ്ട്. ഇതിൽ അറിയാതെ നടനും പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ കൊച്ചി കേന്ദരീകരിച്ച് നിഷാദിന് ഗൂഡ സംഘങ്ങളുണ്ടായിരുന്നു. ഇവരുടെ ഓഫീസുകളിലേക്കും ഇഡി റെയ്ഡിനെത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ വീട്ടിലെ റെയ്ഡിന് അതേ ദിവസം തന്നെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. സംഭവത്തിൽ കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഉണ്ണി മുകുന്ദൻ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടന്റെ വീട്ടിലും ഓഫീസിലും ഇഡി പരിശോധന നടത്തിയത്. കൊച്ചിയിൽ അൻസാരി നെക്‌സ്‌ടെൽ, ട്രാവൻകൂർ ബിൽഡേഴ്‌സ്, എലൈറ്റ് എഫ്എക്‌സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിങ്, സ്റ്റോക്‌സ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകൾ നടന്നു. തമിഴ്‌നാട്ടിൽ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നത്.
ഇതിൽ ട്രാവൻകൂർ ബിൽഡേഴ്‌സിൽ റെയ്ഡ് നടന്നത് ഉണ്ണി മുകുന്ദന്റെ വീട്ടിലെ പരിശോധനയുടെ അന്ന് തന്നെയാണ്. ഇക്കാര്യം ആ സ്ഥാപനത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിലെ പ്രമുഖൻ സ്ഥിരീകരിക്കുകയും ചെയ്തു. ഈ സ്ഥാപനം നടത്തുന്ന വ്യക്തിയുമായി അടുത്ത ബന്ധമാണ് നിഷാദിനുണ്ടായിരുന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിഷാദിന് എല്ലാ സൗകര്യവും ഒരുക്കി. മലയാളത്തിലെ പ്രമുഖ ഗായകനെ എത്തിച്ച് പ്രത്യേക പാട്ടു പരിപാടി പോലും നടത്തി. നിഷാദിന്റെ മുറിയിൽ വെറുതെ ചില പാട്ടുകൾ പാടുന്നതിന് വേണ്ടി മാത്രം നടന് ലക്ഷങ്ങൾ നൽകിയെന്നാണ് സൂചന. ഇതടക്കമുള്ള തട്ടിപ്പുകൾക്ക് കൊച്ചിയിലെ ശതകോടീശ്വരനൊപ്പം നിന്ന് പ്രവർത്തിക്കുന്ന പ്രധാനിയും സഹായങ്ങൾ ചെയ്തു. ഈ പ്രധാനിയെ ഇഡി കുടുക്കുമോ എന്നതാണ് പ്രധാനം.
മൂന്ന് ലക്ഷം രൂപയാണ് ആ ഗായകന് അന്ന് രാത്രി കിട്ടിയതെന്നാണ് സൂചന. ഇതിന് പിന്നിലും പഞ്ചനക്ഷത്ര പ്രമുഖന്റെ ഇടപെടലായിരുന്നു. മോൻസൺ മാവുങ്കിൽ കേസിൽ ചർച്ചയായ പല വ്യവസായ പ്രമുഖരും നിഷാദിന്റെ അടുപ്പക്കാരായിരുന്നു. ഇതിന് പിന്നിലും ശതകോടീശ്വരനുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഇടപെടലുണ്ട്. 15,000 രൂപ നിക്ഷേപിച്ചാൽ ലാഭവിഹിതമായി ദിവസവും 270 രൂപ കിട്ടുമെന്നു പറഞ്ഞാൽ ആരും വീണു പോകും. മോറിസ് കോയിന്റെ പേരിൽ നടന്ന മണി ചെയിൻ തട്ടിപ്പിന്റെ പ്രധാന ആകർഷണവും ഇതായിരുന്നു. ആട്, തേക്ക്, മാഞ്ചിയം മുതൽ വൻ പലിശ വരെ വാഗ്ദാനം ചെയ്തുള്ള നിക്ഷേപത്തട്ടിപ്പുകൾ കണ്ട മലയാളി തന്നെയാണ് ക്രിപ്‌റ്റോ കറൻസിയുടെ പേരിലുള്ള മണി ചെയിൻ തട്ടിപ്പു നിക്ഷേപ പദ്ധതിയിലും തല വച്ചു കൊടുത്തത്.
ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവീതം ആയിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ കമ്മിഷൻ വേറെ. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞായിരുന്നു പണം സമാഹരിച്ചത്. 10 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചാൽ 50,000 രൂപ വീതം കമ്മിഷൻ ലഭിച്ചിരുന്നതായി തട്ടിപ്പുകാരുടെ ഏജന്റുമാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വാട്‌സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ സംബന്ധിച്ച പ്രചാരണങ്ങൾ നടത്തിയിരുന്നത്.
300 ദിവസത്തെ ലാഭം മാത്രം ഏകദേശം 81,000 രൂപ വരുമെന്നു കണ്ടപ്പോൾ നിക്ഷേപകരുടെ എണ്ണം ലക്ഷങ്ങളായി. നിക്ഷേപകനായി ചേർന്ന ഒരാൾ മറ്റൊരാളെ ചേർക്കുമ്പോൾ അവരുടെ നിക്ഷേപത്തിന്റെ 10% കമ്മിഷനും ലഭിക്കും. താഴെയുള്ള കൂടുതൽ കണ്ണികളിലേക്കു നിക്ഷേപകരെത്തുമ്പോൾ 5%, 3%, 1% എന്നിങ്ങനെ വീണ്ടും കമ്മിഷൻ. 15,000 രൂപയുടെ നിക്ഷേപത്തിന് 10 'മോറിസ് കോയിൻ' എന്ന ക്രിപ്‌റ്റോ കറൻസിയാണു തിരികെ ലഭിക്കുക. 300 ദിവസത്തെ ലാഭവിഹിതം കിട്ടിക്കഴിഞ്ഞാൽ ഈ മോറിസ് കോയിൻ വിറ്റു കാശാക്കുകയും ചെയ്യാം.
ഒന്നും രണ്ടും കോടികളല്ല, മുഹമ്മദ് നിഷാദിന്റെയും കൂട്ടുകാരുടെയും കമ്പനിയുടെയുമൊക്കെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് ഒഴുകിയത്, 1300 കോടി രൂപയാണ്. ഇത് അനുമാനമല്ല. ഇതുവരെ ലഭ്യമായ ഇടപാടുകൾ കൂട്ടി നോക്കിയപ്പോൾ ലഭിച്ച കണക്കാണ്. തിരിച്ചറിഞ്ഞ നിക്ഷേപകരുടെ എണ്ണം പതിനായിരത്തോളമായി. ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ, ഗൂഗിൾ പേ, പേയ്‌മെന്റ് ആപ്പുകൾ തുടങ്ങിയവ വഴിയെല്ലാം പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെത്തിയിട്ടുണ്ട്. ഓരോ അന്വേഷണ വഴിയിലും കോടികളുടെ തട്ടിപ്പുകളാണു തുറക്കുന്നതെന്ന് എസിപി പി.പി.സദാനന്ദൻ പറയുന്നു. തുടക്കത്തിൽ ചില ഭാഗ്യവാന്മാർക്ക് മുതലും ലാഭവും കിട്ടി. പിന്നീടുള്ളവരെല്ലാം പെട്ടു. പരാതി നൽകിയാൽ എല്ലാം നഷ്ടപ്പെടുമെന്ന പേടി കാരണമാകണം, ഇതുവരെ പരാതിപ്പെട്ടത് 30 പേർ മാത്രം.
ബെംഗളൂരു ആസ്ഥാനമാക്കിയ ലോങ് റീച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ പേരിലാണു പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിച്ചത്. 2020ൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും മുഖ്യസൂത്രധാരനായ നിഷാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ നിഷാദ് രാജ്യം വിട്ടു. ആളുകളിൽ നിന്നു നിക്ഷേപം സ്വീകരിച്ചു ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇയാളുടെ സ്ഥാപനങ്ങളായ ലോങ് റീച് ടെക്‌നോളജി, ലോങ് റീച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിൽ രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ ഒരു കമ്പനിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറിയിരുന്നു.
കേസിൽ കണ്ണൂരിൽ ഇതുവരെ അറസ്റ്റിലായത് 50 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വീകരിച്ച, പിൻ സ്റ്റോക്കിസ്റ്റുകളായ കാസർകോട് ആലംപാടിയിലെ പി.എം.മുഹമ്മദ് റിയാസ് (31), കോഴിക്കോട് പാവങ്ങാട് വസിം മുനവീർ അലി (35), മലപ്പുറം മഞ്ചേരി പൊളിയൻ പറമ്പ് സി.ഷഫീഖ് (30), വണ്ടൂർ മുഹമ്മദ് ഷഫീഖ് (28), ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷ് (33), ചാവക്കാട് കറുകമ്മാട് സ്വദേശി നാലകത്ത് ഷെമീർ (30) എന്നിവരാണ്.
കംപ്യൂട്ടർ നെറ്റ്‌വർക്കിൽ രഹസ്യഭാഷ (ക്രിപ്‌റ്റോഗ്രഫി) ഉപയോഗിച്ചു സൃഷ്ടിച്ചെടുക്കുന്ന ക്രിപ്‌റ്റോ കറൻസികൾ ഏതാനും വർഷമായി ലോകത്തു പ്രചാരത്തിലുണ്ട്. ബ്ലോക്‌ചെയിൻ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഡിജിറ്റൽ കറൻസിയാണത്. ബിറ്റ് കോയിൻ അടക്കം ലോകത്ത് ഒട്ടേറെ ക്രിപ്‌റ്റോ കറൻസികളുണ്ട്. ക്രിപ്‌റ്റോകറൻസി, ഡോളറിലേക്കും മറ്റും മാറ്റിയെടുക്കാവുന്ന എക്‌സ്‌ചേഞ്ചുകൾ വിദേശങ്ങളിലുണ്ട്, ഇന്ത്യയിലില്ല.
മറുനാടന് മലയാളി ബ്യൂറോ