പാശ്ചാത്യ ലോകത്തെ ജനസംഖ്യ കുറഞ്ഞുവരുന്നതിന് പരിഹാരമായി കൂടുതൽ കുട്ടികൾ ജനിക്കണം എന്നാണ് പോപ്പ് ഫ്രാൻസിസ് പറയുന്നത്. കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ ലാളിച്ച് കഴിയുന്നവർ മാനവരാശിയോട് തന്നെ കടുത്ത ദ്രോഹം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വത്തിക്കാനിൽ, വിശ്വാസികളോടെ രക്ഷാകർതൃത്വത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പോപ്പ് ഫ്രൻസിസ്. ഇന്നത്തെ സമൂഹത്തിൽ കുട്ടികളുടെ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് വളർത്തുമൃഗങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് ചിലർ കുട്ടികൾ ഉണ്ടാകേണ്ട എന്ന് തീരുമാനിക്കുകയാണെന്ന് പറഞ്ഞ പോപ്പ് അത് തികച്ചും സ്വാർത്ഥപരമായ ഒരു തീരുമാനമാണെന്നും പറഞ്ഞു. ചിലപ്പോൾ അവർക്ക് ഒരു കുട്ടിയുണ്ടാകും എന്നാൽ കുട്ടികൾക്ക് പകരമായി ലാളിക്കാനും പരിപാലിക്കാനും അവർക്ക് നിരവധി നായ്ക്കളും പൂച്ചകളുമൊക്കെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ ഇത് കേൾക്കുന്നവർ ഇതിനെ ചിരിച്ചു തള്ളുമായിരിക്കും, എന്നാൽ ഇതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ 1.3 ബില്യൺ വരുന്ന കത്തോലിക്ക വിശ്വാസികളുടെ ആത്മീയ നേതാവായ പോപ്പ് പറയുന്നത് പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നത് നമ്മിലെ മനുഷ്യത്വത്തെ നശിപ്പിക്കുന്നു എന്നാണ്. ഇന്ന് പാശ്ചാത്യ നാടുകളിൽ ജനസംഖ്യ കുത്തനെ ഇടിയുകയാണ്. ഇതിന് പരിഹാരമായി ഓരോ ദമ്പതിമാർക്കും കൂടുതൽ കുട്ടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറാഞ്ഞു. മാത്രമല്ല, കുട്ടികൾ ഇല്ലാത്ത ദമ്പതിമാർ കുട്ടികളെ ദത്തെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതല്ലെങ്കിൽ, ഈ മാനവകുലം പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും സമ്പന്നതയില്ലാത്ത ഒരു വൃദ്ധ സംസ്‌കാരമായി മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിന്റെ ദൂഷ്യഫലം അനുഭവിക്കാൻ പോകുന്നത് ഓരോ രാജ്യങ്ങളൂമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരത്തെ 2014-ൽ നായ്ക്കുട്ടികളെ ലാളിക്കുന്നതും ആട്ടിൻ കുട്ടിയെ തലോടുന്നതുമൊക്കെയായി പോപ്പ് ഫ്രാൻസിസിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ ബെനെഡിക്ട് പതിനാറാമൻ പൂച്ചക്കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. എന്നാൽ, പോപ്പ് ഫ്രാൻസിസ് വത്തിക്കാനിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതായി അറിവില്ല.

2014-ൽ തന്നെ അദ്ദേഹം ഇതേ മുന്നറിയിപ്പ് നൽകീയിരുന്നു. കുട്ടികൾക്ക് പകരമായി വളർത്തുമൃഗങ്ങൾ വരുന്നത് സാംസ്‌കാരികച്യുതിയാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. മാതാപിതാക്കളും മക്കളുമായുള്ള സങ്കീർണ്ണമായ ബന്ധത്തേക്കാൾ വളർത്തു മൃഗങ്ങളുമായുള്ള സുഗമമായ ബന്ധമാണ് ഏവരും ആഗ്രഹിക്കുന്നതെന്നും അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഒരു കുട്ടിയെ വളർത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ച അദ്ദേഹം എന്നാൽ മാതൃത്വവും പിതൃത്വവും നിഷേധിക്കപ്പെടുന്നത് അതിനേക്കാൾ വലിയ വെല്ലുവിളി ഭാവിയിൽ ഉയർത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.