തിരുവനന്തപുരം: രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഗൃഹനാഥൻ. ഭാര്യയുടേയും മക്കളുടേയും ഏക ആശ്രയം. പൊടുന്നനെ ആ സ്‌നേഹ തണൽ മാഞ്ഞു പോയപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും വിനോദിന്റെ അവയവങ്ങൾ ദാനംചെയ്യാൻ സുജാതയ്ക്കും മക്കൾക്കും സമ്മതമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവന് ഏഴ് പേരിലൂടെ ജീവിക്കുന്നത് ആശ്വാസവും സന്തോഷവും നൽകുന്ന കാര്യമായിരുന്നു അവർക്ക്.

വിനോദിന്റെ കൈകൾ മറ്റൊരാൾക്കായി കൊണ്ടുപോകുന്ന വേളയിൽ ഒരുനോക്കുകാണാൻ മൂവരും എത്തിയിരുന്നു. നിറഞ്ഞ കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി അവർ ആ കാഴ്ച കണ്ടു. എന്നാൽ, മറ്റ് അവയവങ്ങൾ കൊണ്ടുപോകുന്നതു കാണാനുള്ള ശക്തിയില്ലാതെ അവർ മടങ്ങിയപ്പോൾ ആശുപത്രിയിൽ തടിച്ചുകൂടിയവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അപകടത്തിൽ പരുക്കേറ്റു മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കൊല്ലം അയത്തിൽ സ്വദേശി എസ്.വിനോദിന്റെ (54) 8 അവയവങ്ങളാണ് 7 പേർക്കായി ദാനം ചെയ്തത്.

ഡിസംബർ 30നു ബൈക്കിൽ പോകവേ കൊല്ലത്ത് കല്ലുംതാഴത്തിനു സമീപം സ്വകാര്യബസിടിച്ചാണു വിനോദിനു തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുന്നത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വിനോദിന്റെ ഭാര്യ സുജാതയ്ക്കും മക്കളായ ഗീതുവിനും നീതുവിനും വേർപാട് ഒരിക്കലും ഉൾക്കൊള്ളാനാവുമായിരുന്നില്ല. എങ്കിലും മൃതസഞ്ജീവനിയിലൂടെ വിനോദിന്റെ അവയവങ്ങൾ മറ്റൊരാളുടെ ജീവിതത്തുടർച്ചയ്ക്കു വഴികാട്ടിയാകുമെന്ന് അവർ ആശ്വസിച്ചു.

മെഡിക്കൽ കോളേജ് ട്രാൻസ്പ്‌ളാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. അനിൽ സത്യദാസിന്റെയും മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെയും ഇടപെടലിൽ തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് അവർ സമ്മതം അറിയിച്ചു. അങ്ങനെ കൈകൾ, കരൾ, വൃക്കകൾ, കണ്ണുകൾ, ഹൃദയം തുടങ്ങി എട്ട് അവയവങ്ങൾ മറ്റുള്ളവരിലേക്ക് ദാനമായി എത്തി.അങ്ങനെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൾട്ടി ഓർഗൻ റിട്രീവലിന്(വിവിധ അവയവങ്ങൾ ഒരുമിച്ചു ദാനംചെയ്യൽ) കളമൊരുങ്ങി.

ഹൃദയവും കൈകളും ഉൾപ്പെടെ ഏഴു രോഗികൾക്കാണ് വിനോദിന്റെ അവയവങ്ങൾ ദാനംചെയ്യുന്നത്. ഹൃദയം ചെന്നൈ എം.ജി.എം. ആശുപത്രിയിലും കൈകൾ എറണാകുളം അമൃതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് മാറ്റിവയ്ക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂറാമത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. മൃതസഞ്ജീവനി പ്രോജക്ട് മാനേജർ എസ്.ശരണ്യ, കോ-ഓർഡിനേറ്റർമാരായ പി.വി.അനീഷ്, എസ്.എൽ.വിനോദ് കുമാർ എന്നിവർ അവയവവിന്യാസം ഏകോപിപ്പിച്ചു.

നേരത്തേ ഗൾഫിലായിരുന്ന വിനോദ് 2 മാസമായി നാട്ടിൽ കൂലിപ്പണി ചെയ്യുകയായിരുന്നു. കിളികൊല്ലൂർ ചെമ്പ്രാപ്പിള്ള തൊടിയിൽ വീട്ടിൽ വാടകയ്ക്കാണു താമസം. അർബുദത്തിനു ചികിത്സയിലുള്ള മകൾ ഗീതു സ്ഥിതി മെച്ചപ്പെട്ടു തിരിച്ചുവരുന്നതിനിടെയാണു വിനോദിന്റെ വേർപാടെന്നതു കുടുംബത്തിനു താങ്ങാവുന്നതിലുമേറെയാണ്. എങ്കിലും ഏഴു ജീവനുകൾക്കു വെളിച്ചമാകുമെന്നതിനാൽ, ഹൃദയം നുറുങ്ങുന്ന വേദനയിലും സുജാതയും മക്കളും അവയവദാനത്തിനു സമ്മതം നൽകുകയായിരുന്നു. വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്കു കൊണ്ടുപോകും.

കൈകൾ, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളിൽ ചികിത്സയിലുള്ള രോഗികൾക്കു മൃതസഞ്ജീവനി പദ്ധതി പ്രകാരം മാറ്റിവയ്ക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തിയത്. വിനോദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും തീരാനോവിലും അവയവദാനത്തിനു കാണിച്ച സന്മനസ്സിനു നന്ദി പറയാനും മന്ത്രി ആന്റണി രാജു ആശുപത്രിയിലെത്തി. വിനോദിന്റെ മറ്റൊരു മകൾ: നീതു, മരുമകൻ: ഷബിൻ. സംസ്‌കാരം ഇന്ന് 12 നു പോളയത്തോട് ശ്മശാനത്തിൽ. മന്ത്രി വീണാ ജോർജ്, ഡോ.എ.റംലാബീവി, ഡോ. തോമസ് മാത്യു, ഡോ.സാറ വർഗീസ്, ഡോ എ.നിസാറുദീൻ എന്നിവർ അവയവദാനപ്രക്രിയ സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു.