- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി കാല-വാരാന്ത്യ കർഫ്യു തുടരും: കർണാടക മാക്കൂട്ടം ചുരം പാതയിലൂടെയുള്ള യാത്രാ നിയന്ത്രണം വീണ്ടും നീട്ടി
കണ്ണൂർ: രാത്രി കാല-വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചതിന് പുറമേമാക്കൂട്ടം ചുരം പാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആർടിപിസിആർ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനുവരി19 വരെ നീട്ടി. നേരത്തെ ഇറക്കിയ നിയന്ത്രണ ഉത്തരവിന്റെ കാലാവധി അഞ്ചിന് അവസാനിച്ചിരുന്നു.ഇതോടെ ഇതുവഴിയുള്ള ബസ് സർവീസ് നിലച്ചിട്ട് 162 ദിവസമായി.
നിലവിലുള്ള യാത്രാനിയന്ത്രണം അതേപടി തുടരുന്നതോടൊപ്പം ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വാരാന്ത കർഫ്യൂ പുനഃസ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പത്തു മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ. ചുരം പാത വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും ചരക്കുവാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ നടപടി അതേപടി തുടരാനാണ് തീരുമാനം.
ഓമിക്രോൺ രോഗികളുടെ എണ്ണം വർധിച്ചതോടെ മതപരമായ ചടങ്ങുകൾ ഉൾപ്പെടെ ആളുകൾ കൂടുന്ന എല്ലാ പരിപാടികൾക്കും കർണാടകയിൽ നിയന്ത്രണം ഏർപ്പെടുത്തി. കുടക് ജില്ലയിൽ രോഗികളുടെ എണ്ണം ഒരു ശതമാനത്തിലും താഴെയാണ്. ഇതുകൊണ്ടുതന്നെ മാസ്‌ക് ധാരണം ഉൾപ്പെടെയുള്ള കർശന നിയന്ത്രണം ഉണ്ടായിരുന്നില്ല. പാർക്കുകളും വിനോദസഞ്ചാരകേന്ദ്രങ്ങളുമൊക്കെ സജീവമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും രോഗവ്യാപന സാധ്യത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസ്‌ക് ഉൾപ്പെടെ കർശനമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മാക്കൂട്ടം അതിർത്തിയിൽ നിലവിലുള്ള പരിശോധന ശക്തമാക്കി.
ആർടിപിസിആർ പരിശോധനാറിപ്പോർട്ട് ഇല്ലാത്തവരെ കടത്തിവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. ചെക്ക് പോസ്റ്റിൽ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചതിൽനിന്നും പണം വാങ്ങി ചിലരെ കടത്തിവിടുന്നതായുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ചുരംപാതവഴിയുള്ള യാത്രാനിയന്ത്രണം 162 ദിവസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ കർണാടകയിലെക്ക് വരാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. രണ്ടു തവണ കൊ വിഡ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുള്ളവർക്ക് തടസങ്ങളില്ലാതെ കേരളത്തിലേക്ക് കടന്നു വരാൻ കഴിയും.