കൊവിഡ് പരിശോധനാ സാമഗ്രികൾക്ക് ക്ഷാമം തുടരുന്ന സാഹചര്യത്തിൽ പരിശോധനാ മാനദണ്ഡങ്ങൾ വീണ്ടും പുതുക്കി നിശ്ചയിക്കാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റിവായാൽ പിസിആർ പരിശോധന നടത്തണമെന്ന നിബന്ധനസർക്കാർ പിൻവലിച്ചു.

വീടുകളിൽ നടത്തുന്ന റാപ്പിഡ് ആൻഡ്റിജൻ പരിശോധന പോസിറ്റാവായാൽ ഇനിമുതൽ ടെസ്റ്റിങ് സെന്ററുകളിൽ പോകേണ്ടതില്ല. പകരം ജി.പിയുമായി ബന്ധപ്പെട്ടാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.അന്തർ സംസ്ഥാന യാത്രകൾക്ക് മുൻപ് ആവശ്യമായിരുന്ന പരിശോധനയിലും ഇളവ് വരുത്തി. ക്വീൻസ്ലാൻഡ്, ടാസ്മാനിയ, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഇനി മുതൽ പരിശോധന ആവശ്യമില്ല.

അന്താരാഷ്ട്ര യാത്രക്കാർ ഓസ്‌ട്രേലിയയിൽ എത്തികഴിഞ്ഞാൽ നടത്തേണ്ടിയിരുന്ന കോവിഡ് പരിശോധനകളിലും ഇളവുണ്ട്. ക്വീൻസ്ലാന്റ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെത്തുന്ന യാത്രക്കാർ രണ്ടാമത്തെ 'പോസ്റ്റ് അറൈവൽ ടെസ്റ്റ്' നടത്തേണ്ടതില്ലെന്നാണ് പുതുക്കിയ നിർദ്ദേശം.

ഏഴു ദിവസത്തിലൊരിക്കൽ ട്രക്ക് ഡ്രൈവർമാർക്ക് നിഷ്‌കർഷിച്ചിരുന്ന റോളിങ് ടെസ്റ്റുകളും പിൻവലിച്ചിട്ടുണ്ട്.കൺസഷൻ കാർഡ് ഉടമകൾക്ക് മാത്രമാകും സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റിങ് കിറ്റിന് അർഹതയുണ്ടാകുക. ഇവർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ 10 സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വീതം (ഒരു മാസത്തിൽ പരമാവധി അഞ്ച്) നൽകാനും ദേശീയ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.