ഹൂസ്റ്റൺ : ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒ.ഐ.സി.സി അമേരിക്കയുൾപ്പടെ വിവിധരാജ്യങ്ങളിൽ പുതിയ കോർഡിനേറ്റ ർമാരെയും ഭാരവാഹികളെയും നിയമിച്ചതായി ഒ.ഐ.സി.സി.യുടെ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി ചെയർമാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം യു എസ് എ , കാനഡ , യൂറോപ്യൻ രാജ്യങ്ങളിലും ഉൾപ്പെടെ മിഡിൽ ഈസ്റ്റിലും പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി സംഘടനാ സംവിധാനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഒ.ഐ.സി.സിയെ വിദേശ രാജ്യത്തും വിവിധ രാജ്യങ്ങളിൽ മെമ്പർഷിപ്പ് കാമ്പയിനുകൾ നടത്തി നാഷണൽ, റീജിണൽ, ജില്ലാ-ഏരിയാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുക, പരമാവധി കോൺഗ്രസ് പ്രവർത്തകരെ കണ്ടെത്തി സംഘടനയുടെ ഭാഗമാക്കുക, നിലവിൽ കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കുക, നിർജീവമായ കമ്മിറ്റികൾക്ക് പുതിയ നേതൃത്വത്തെ കണ്ടെത്തുക എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് പുതിയ നേതൃത്വത്തിനുള്ളതെന്ന് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. സംഘടനാപരമായ എല്ലാ ആശയ കുഴപ്പങ്ങളും പരിഹരിച്ചുകൊണ്ട്, വരുംദിവസങ്ങളിൽ പ്രവാസ മേഖലയിലെ ഏറ്റവും കരുത്തുള്ള പ്രസ്ഥാനമായി ഒ.ഐ.സി.സി മാറുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യം നിഷ്പക്ഷമായി നിറവേറ്റുമെന്നും അർഹരായ എല്ലാവർക്കും പുതിയ കമ്മിറ്റികളിൽ അർഹമായ പരിഗണന ഉറപ്പുവരുത്തുമെന്നും വിഭാഗീയ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അഭിനന്ദിക്കുന്നതായും എല്ലാവിധ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പാന്റാമിക് വേളയിൽ പ്രവാസികൾ അനുഭവിച്ച കഷ്ടതകളിൽ അവർക്ക് താങ്ങായി നിന്ന ബഹുമാനപ്പെട്ട രമേശ് ചെന്നിത്തലയെയും അദ്ദേഹം ഓർമിച്ചു.

കോവിഡ് മൂലം പ്രവാസലോകത്ത് മരിച്ചവരിൽ ഏറെയും സാധാരണക്കാരും തൊഴിലാളികളുമാണ്. വലിയ ബാധ്യതയോടെയാണ് ഇവർ പ്രവാസലോകത്തേക്ക് എത്തിയത് തന്നെ. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി ഇവരിൽ പലരേയും സാമ്പത്തികമായി ദുരിതത്തിലാഴ്‌ത്തിയിരുന്നു. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സർക്കാരുകളുടെ ചില അനാവശ്യമാനദണ്ഡങ്ങളെ തുടർന്ന് ഇത്തരം സഹായങ്ങൾക്ക് പുറത്തുനിൽക്കേണ്ടി വരുന്ന കുടുംബങ്ങളും ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്കായി സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണം. അവരുടെ മുന്നോട്ടുള്ള ജീവിതചെലവുകൾക്കായി ചെറുകിട പദ്ധതികൾ തുടങ്ങുന്നതിന് പലിശരഹിത വായ്പ നൽകുക, കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ സർക്കാർ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ അവ്യക്തത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി.

കേരളം വളരെയധികം പ്രതീക്ഷയോടെ മുന്നോട്ട് വച്ച ലോക കേരളസഭ അങ്ങേയറ്റം പരാജയമായിരുന്നു. അതിന് ചെലവാക്കിയ കോടികൾ നോർക്ക വഴി സാധാരണ പ്രവാസികളിലേക്ക് എത്തിക്കണമായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ലോക കേരളസഭയെക്കുറിച്ചുള്ള ആശയങ്ങളും കാഴ്ചപ്പാടും വളരെയധികം നല്ലതാണെങ്കിലും പ്രവർത്തികമാക്കാൻ സാധിക്കാത്തത് മൂലം അത് കേവലം ഒരു പ്രഹസനം മാത്രമായിരുന്നു. വളരെയധികം അനുഭവസമ്പത്തും സാങ്കേതിക കഴിവുകളും ഉള്ള നിരവധി പ്രവാസികൾ കേരളത്തെ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുന്നത് ഇനിയും പുതിയ സുഗതന്മാർ ഉണ്ടാവാതിരിക്കാനുള്ള മുൻ കരുതലായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് വളക്കൂറുള്ള മണ്ണല്ല കേരളത്തിൽ ഇപ്പോഴുള്ളത്. കരളത്തിൽ രാഷ്ട്രീയപരമായും, വ്യവസായികമായും മൊത്തത്തിലുള്ള മാറ്റം പ്രവാസിക്ക് അനുകൂലമായിരിക്കും. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർമാരുടെ യോഗം ജനുവരി അവസാനത്തോടെ കെപിസിസി പ്രസിഡന്റ്ിന്റെ അദ്ധ്യക്ഷതയിൽ ചേരുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഗ്ലോബൽ പ്രസിഡന്റ് അറിയിച്ചു.

അമേരിക്കയിലെ പ്രവർത്തനം ശക്തിപ്പെടുത്തും

ഒ.ഐ.സി.സിയുടെ അമേരിക്കയിലെ പ്രവർത്തനം നാഷണൽ കോ ഓഡിനേറ്റർ ജെയിംസ് കൂടലിന്റെയും റീജണൽ കോ ഓർഡിനേറ്റർമാരായ ജീമോൻ റാന്നി, സന്തോഷ് ഏബ്രാഹാം എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നതായി ശങ്കരപ്പിള്ള കുമ്പളത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി രൂപരേഖകൾ തയാറായി കഴിഞ്ഞു. യൂറോപ്പ്, കാനഡ അടക്കമുള്ള രാജ്യങ്ങളിലും കോൺഗ്രസിനെ ശകതിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.

കാനഡ നാഷണൽ കമ്മിറ്റി അംഗത്വ വിതരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി

ഒഐസിസി കാനഡ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കാനഡയിൽ നിന്നുള്ള നൂറു മെമ്പർഷിപ്പ് കാനഡ നാഷണൽ കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് കാലായിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് കൈമാറി. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി രണ്ടാമത്തെ ഘട്ടത്തെ പ്രവര്ത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്ന് പ്രിൻസ് കാലായിൽ പറഞ്ഞു. കാനഡ ഒഐസി സി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു കെപിസിസി പ്രസിഡന്റ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു ചടങ്ങിൽ ഒഐസിസി ഓഫീസ് സെക്രട്ടറി കെ.ജി ബാബുരാജ്, കെപിസിസി ഓഫീസ് സെക്രട്ടറി ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.