ഹൂസ്റ്റൺ : ആശങ്ക ഉയർത്തുന്ന ജീവിതസാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്ന നാം ദൈവത്തിലുള്ള ആശ്രയത്തിൽ പൂർണ വിശ്വാസത്തോടെ ജീവിതത്തെ ക്രമപ്പെടുത്തി പുതുവത്സരത്തെ സ്വീകരിക്കണമെന്ന് മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പുതുവത്സര സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

ഇന്റർനാഷണൽ പ്രയർ ലൈനിൽ (ഐപിഎൽ) ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-മത് പ്രയർ മീറ്റിംഗിൽ (ടെലികോൺഫറൻസ്) തിരുവചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു തിരുമേനി. ഉണരുക, വിശുദ്ധ ജീവിതം നയിക്കുക, പ്രകാശിതരാകുക, ക്രിസ്തുവിൽ വസിക്കുക, ദൈവത്തിങ്കലേക്കു നോക്കി ജീവിതം സുഗമമാക്കുക - തിരുമേനി സന്ദേശത്തിൽ ഉത്ബോധിപ്പിച്ചു.

റവ. അജു ഏബ്രഹാമിന്റെ (ന്യൂയോർക്ക്) പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്

വത്സാ മാത്യു (ഹൂസ്റ്റൺ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .ഐപിഎൽ കോർഡി നേറ്റർ സി വി സാമുവേൽ ആമുഖ പ്രസംഗം നടത്തി. കഴിഞ്ഞ് 399 ആഴ്ചകൾ തുടർച്ചയായി പ്രെയർ മീറ്റിങ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളർച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തിൽനിന്നും അളവില്ലാത്ത ലഭിച്ച നന്മകൾ ഒന്നുകൊണ്ടു മാത്രമാണെന്നും ഒരു പുതുവർഷം കൂടെ ആയുസ്സിൽ അനുവദിച്ചു തന്ന ദൈവത്തിനു സ്‌തോത്രം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.വി.ശാമുവേൽ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയായ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു .

തുടർന്ന് ഏബ്രഹാം.കെ.ഇടിക്കുള (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഷിജു ജോർജ് തച്ചനാലിൽ ടെക്‌നിക്കൽ സപ്പോർട്ട് നൽകി. കോർഡിനേറ്റർ ടി എ മാത്യു നന്ദി പറഞ്ഞു

റവ. പി. ചാക്കോയുടെ പ്രാർത്ഥനക്കും ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.