പാലാ: പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ എന്നിവർക്കു മാണി സി കാപ്പൻ എം എൽ എ നിവേദനം നൽകി. കാലോചിതമായ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ സ്റ്റേഡിയവും ട്രാക്കും ഉപയോഗ്യമല്ലാത്ത രീതിയിൽ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ആറ് ഏക്കറിലധികം വിസ്തീർണ്ണമുള്ള സ്റ്റേഡിയം 2017 ലാണ് 23 കോടി രൂപ ചെലവിൽ അന്താരാഷ്ട്രാനിലവാരത്തിൽ പുനർനിർമ്മിച്ചത്. 400 മീറ്റർ നീളത്തിൽ 8 ലെയിൽ സിന്തറ്റിക് ട്രാക്ക്, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ കോർട്ടുകൾ, സിന്തറ്റിക് വാക്ക് വേ, എന്നിവയും അത് ലറ്റിക്‌സ് ഇനങ്ങൾക്ക് ആവശ്യമായ സൗകര്യവും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. പാലാ ജംപ്‌സ് അക്കാദമി ഇതിനോടനുബന്ധിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും എം എൽ എ നിവേദനത്തിൽ പറഞ്ഞു. സ്റ്റേഡിയം അറ്റകുറ്റപ്പണികൾക്കൊപ്പം നവീകരിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടിട്ടുണ്ട്.