ഷിക്കാഗോ: ഇന്ത്യൻ എൻജിനീയർമാരുടെ കേന്ദ്ര സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎഇഐഒ), അമേരിക്കയിലെ പെർഡ്യൂ യൂണിവേഴ്സിറ്റി, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി, ഇന്ത്യാ ഗവൺമെന്റ് എന്നിവയുടെ സഹകരണത്തോടുകൂടി ആരംഭിക്കുന്ന 'ഇന്നവേഷൻ ഹബ്ബ്' യുഎസ് കോൺഗ്രസ്മാൻ ഡോ. ബിൽ ഫോസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് അധ്യക്ഷത വഹിച്ചു.

ബോളിങ് ബ്രൂക്കിലൂള്ള ഗോൾഫ് കോഴ്സിൽ നടന്ന ക്രിസ്മസ്- പുതുവത്സരാഘോഷ ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. നോർത്ത് ഇല്ലിനോയിസ് യൂണിവേഴ്സിറ്റി എൻജിനീയറിങ് ഡീനും, പ്രോബൈസ് കമ്പനിയുടെ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ ഈ എൻജിനീയറിങ് സംഘടന വിവിധ യൂണിവേഴ്സിറ്റികളുടെ സഹകരണത്തോടെ നടത്തുന്ന സാങ്കേതിക വികസന സംരംഭത്തെ അഭിനന്ദിക്കുകയും, അത് ഭാവിയിൽ ഇന്ത്യയ്ക്ക് ഒരു മുതൽക്കൂട്ടായി തീരട്ടെ എന്നു ആശംസിക്കുകയും ചെയ്തു. ഐഐടി ഗ്രാജ്വേറ്റുകളുടെ മാതൃസംഘടനയായ പാൻ ഐഐടിയും ഈ അവസരത്തിൽ പങ്കുചേരുന്നുവെന്ന് മിഡ് വെസ്റ്റ് പ്രസിഡന്റ് റേയ് മെഹ്റ സമ്മേളനത്തിൽ പറഞ്ഞു.

യുഎസ് കോൺഗ്രസിൽ സയൻസ്, സ്പേസ്, ടെക്നോളജി സബ് കമ്മിറ്റിയുടെ ചെയർമാനായ കോൺഗ്രസ് മാൻ ഡോ. ബിൽ ഫോസ്റ്റർ തന്നാലാവുന്ന സഹായങ്ങൾ ഈ സംരംഭത്തിന് വാഗ്ദാനം ചെയ്തു. ഡോ. ബിൽ ഫോസ്റ്റർ ഫെർമിലാബിലെ പ്രമുഖ സയന്റിസ്റ്റുകൂടിയായിരുന്നു.

എഎഇഐഒ ബോർഡ് അംഗമായ മാധുര സെയിൻ, പ്രവീൺ ജുലിഗവ, രഞ്ജിത്ത് ഗോപൻ എന്നിവരുടെ ഗാനമേളയും, വിവിധ കലാപരിപാടികളും അരങ്ങേറി.

പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് സംഘടനയുടെ ഭാവി പരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നിതിൻ മഹേശ്വരി നന്ദി പറയുകയും പുതിയ അംഗങ്ങളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുകയും ഉണ്ടായി. ഹോളിഡേ ഡിന്നറോടുകൂടി പരിപാടികൾക്ക് തിരശീല വീണു.