തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരേ യുദ്ധം ചെയ്യാനുള്ള കെൽപ്പ് കോൺഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോൺഗ്രസിനു കഴിയൂ എന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോൺഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പൊലീസിലുള്ള അന്ധമായ വിശ്വാസം കൊണ്ടാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

കെ റെയിലിനെതിരേയുള്ള കോൺഗ്രസിന്റെ സമരത്തിന് ഊർജ്ജം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു.

കോൺഗ്രസ് വേണ്ടെന്ന് പറഞ്ഞ ഒരു ജനവിരുദ്ധ പദ്ധതിയും കേരളത്തിൽ നടപ്പാക്കാനാവില്ല. അത് ഉറപ്പിക്കാൻ കോൺഗ്രസ്പാർട്ടിക്ക് അറിയാം. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാം എന്നൊക്കെയുള്ളത് ദിവാസ്വപ്നമാണ്. കെ റെയിൽ സമരത്തിനു പിന്നിൽ അണിനിരക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തെ തന്നെ ഇല്ലാതാക്കാൻ പോകുന്ന ഒരു പദ്ധതിക്കെതിരേ ജനരോഷം ആർത്തിരമ്പുമ്പോൾ കോടിയേരിക്ക് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടി വരും.

സ്പ്രിൻക്ലർ കരാർ, ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് നല്കിയ കരാർ, പൊലീസ് നിയമഭേദഗതി, മന്ത്രി കെടി ജലീലിന്റെ മാർക്കുദാനവും ബന്ധുനിയമനവും മന്ത്രി ഇപി ജയരാജന്റെ ബന്ധുനിയമനം, ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിക്കൽ, പമ്പമണൽകടത്ത് തുടങ്ങിയവ പിണറായി സർക്കാർ പിൻവലിച്ചത് കോൺഗ്രസിന്റെ സമരവീരസ്യംകൊണ്ടാണെന്ന് കോടിയേരി മറക്കരുത്.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ഒരു പാർട്ടിയുടെ ഇളമുറക്കാരാണ് ഞങ്ങൾ. തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെയാണ് കോൺഗ്രസ് ജനങ്ങളുടെ പ്രസ്ഥാനമായി മാറിയത്. ഒരണ സമരം നടത്തി ഇഎംഎസിനെ ഈയംപൂശി ഈയലുപോലെ പറപ്പിച്ച കെഎസ് യുവിന്റെ സമര പാരമ്പര്യമാണ് കോൺഗ്രസുകാരുടെ സിരകളിലൊഴുകുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.