മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ അപമാനിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട ബിജെപി നേതാവിനെതിരെ നടപടി. ബിജെപി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ ജിതൻ ഗജാരിയയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറയെ 'മറാത്തി റാബ്രി ദേവി'യോട് ഉപമിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടി.

ജനുവരി നാലാം തീയതിയാണ് രശ്മി താക്കറെയെ റാബ്റി ദേവിയോട് ഉപമിച്ച് ബിജെപി നേതാവ് ട്വീറ്റ് ചെയ്തത്. കാലിത്തീറ്റ കുംഭകോണത്തിൽ ഭർത്താവ് ലാലു പ്രസാദ് രാജിവെക്കേണ്ടി വന്നപ്പോൾ ബിഹാറിൽ റാബ്റി ദേവി ചുമതലയേറ്റത് പോലെ രശ്മി താക്കറെ ഉദ്ധവ് താക്കറെയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന പരിഹസിച്ചായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്.

ട്വീറ്റ് വിവാദമായതോടെയാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ചിന്റെ സൈബർ സെൽ വ്യാഴാഴ്ച രാവിലെ ജിതൻ ഗജാരിയയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മഹാരാഷ്ട്ര പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ സംഘം രാവിലെ 10 മണിയോടെ ജിതൻ ഗജാരിയയുടെ ഓഫീസിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.



ഗജാരിയയ്ക്കെതിരെ വക്കീൽ നോട്ടീസോ വാറന്റുകളോ ഉണ്ടായിരുന്നില്ലെന്ന് ബിജെപി മുംബൈയുടെ സോഷ്യൽ മീഡിയ ഇൻചാർജും സംസ്ഥാന സെക്രട്ടറിയുമായ പ്രതീക് കാർപെ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാതിയോ വാറന്റോ ഇല്ലാഞ്ഞിട്ടും അവർ അദ്ദേഹത്തെ കസ്റ്റഡയിലെടുത്ത് മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇത് അംഗീകരിക്കാനാവില്ലെന്ന് പ്രതീക് കാർപെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ കീഴിലുള്ള മഹാരാഷ്ട്ര സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.