രാജ്കോട്ട്: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 22കാരന് 20 വർഷം ജയിൽ ശിക്ഷ. ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലാണ് സംഭവം. കുൽദീപ് പർമാർ എന്ന 22കാരനാണ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമെ, 5000 രൂപ പിഴയും വിധിച്ചു.

ഇരക്ക് അഞ്ച് ലക്ഷം രൂപ നൽകാൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരമാണ് ശിക്ഷ. 2018 നവംബർ 29നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയം പട്ടം പറത്താനെന്ന വ്യാജേന പെൺകുട്ടിയെ വശീകരിച്ച പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയുടെ ലെഗ്ഗിൻസിൽ രക്തം പുരണ്ടത് കണ്ടപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. ഏഴ് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.