പട്‌ന: പതിനൊന്ന് ഡോസ് കോവിഡ് വാക്‌സീൻ കുത്തിവയ്പ് എടുത്ത 84 വയസ്സുകാരൻ കുടുങ്ങി. ബിഹാർ മധേപുര നിവാസിയായ ബ്രഹ്‌മദേവ് മണ്ഡലാണ് 'ഒരു ഡസൻ' ഡോസ് കുത്തിവയ്പ് തികയ്ക്കാനെത്തിയപ്പോൾ പിടിയിലായത്. കോവിഡ് വാക്‌സീൻ എടുക്കുന്തോറും ആരോഗ്യം മെച്ചപ്പെടുന്നതായി തോന്നിയതിനാലാണ് വീണ്ടും വീണ്ടും വാക്‌സിൻ എടുത്തതെന്നാണു ബ്രഹ്‌മദേവ് മണ്ഡലിന്റെ ന്യായീകരണം.

ഒരേ ആധാർ കാർഡും മൊബൈൽ നമ്പരുമുപയോഗിച്ചായിരുന്നു തുടർച്ചയായി വാക്‌സീൻ എടുത്തത്. വാക്‌സീൻ കേന്ദ്രങ്ങൾ മാറി മാറി സന്ദർശിച്ചായിരുന്നു മണ്ഡലിന്റെ കുത്തിവയ്‌പ്പ്. പന്ത്രണ്ടാമത്തെ വാക്്‌സീനു ചെന്നപ്പോഴാണു പിടിവീണത്.

ഒരേ ആധാർ കാർഡ് ഉപയോഗിച്ചു തുടർച്ചയായി വാക്‌സീൻ എടുത്തതു കണ്ടു പിടിക്കാൻ കഴിയാത്തത് എന്തു കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. മുതിർന്ന പൗരനെന്ന പരിഗണനയിൽ വാക്‌സീൻ കേന്ദ്രങ്ങളിൽ അനുവദിക്കുന്ന മുൻഗണന ദുരുപയോഗിച്ചായിരുന്നു തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം.