ന്യൂഡൽഹി: പ്രമുഖ മുസ്‌ലിം വനിതകളെ മോശമായി ചിത്രീകരിക്കുന്ന 'ബുള്ളി ബായ്' ആപ്പ് നിർമ്മിച്ച കേസിൽ 21കാരനെ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ അറസ്റ്റ് ചെയ്തു. അസം സ്വദേശി നീരജ് ബിഷ്‌ണോയിയാണ് ഇന്നലെ ഡൽഹിയിൽ അറസ്റ്റിലായത്. സംഭവത്തിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് അസമിലെ ജോർഹാത്ത് സ്വദേശിയും ഭോപാലിൽ ബിടെക് വിദ്യാർത്ഥിയുമായ നീരജ്. മുഖ്യ സൂത്രധാരൻ അടക്കം മൂന്നുപേരെ നേരത്തെ മുംബൈ പൊലീസ് പിടികൂടിയിരുന്നു.

ഭോപാലിൽ രണ്ടാം വർഷ എൻജിനീയറിങ്ങിന് പഠിക്കുന്ന നീരജ് ബിഷ്‌ണോയ് ആണ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിൽ 'ബുള്ളി ബായ്' ആപ് ഉണ്ടാക്കിയതിന്റെ മുഖ്യ ഗൂഢാലോചകനെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു. ബുള്ളി ബായ് ആപ്ലിക്കേഷന്റെ പ്രധാന ട്വിറ്റർ അക്കൗണ്ടിന്റെ ഉടയും നീരജ് ആണെന്ന് ഡൽഹി പൊലീസ് ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) ഡിസിപി കെ.പി.എസ്. മൽഹോത്ര പറഞ്ഞു.

സ്വദേശമായ അസമിലെ ജോർഹട്ടിൽനിന്ന് ഇന്നലെ പുലർച്ചെയാണ് നീരജ് അറസ്റ്റിലാകുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഡൽഹിയിലെത്തിച്ച നീരജിനെ വിശദമായി ചോദ്യം ചെയ്യും. അതേസമയം 'സുള്ളി ഡീലിനെ'തിരെ 2021ൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ബെംഗളൂരുവിൽ ബിടെക്കിനു പഠിക്കുന്ന വിശാൽ കുമാർ (21), ഉത്തരാഖണ്ഡ് സ്വദേശിനി ശ്വേത സിങ് (18), ഡൽഹി സർവകലാശാല വിദ്യാർത്ഥിയും ഡെറാഡൂൺ സ്വദേശിയുമായ മായങ്ക് റാവൽ (21) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉത്തരഖണ്ഡിൽനിന്ന് അറസ്റ്റിലായ ശ്വേത സിങ് ആണ് മുഖ്യപ്രതി എന്നാണ് മുംബൈ പൊലീസ് പറഞ്ഞിരുന്നത്. സിഖ് പേരുകളിൽ വ്യാജ അക്കൗണ്ട് തയാറാക്കി ആപ്ലിക്കേഷനിൽ ഇടപാടു നടത്തുന്നതിനു ശ്വേതയാണു ചുക്കാൻ പിടിച്ചതെന്നാണു മുംബൈ പൊലീസിന്റെ വിശദീകരണം. ഉത്തരാഖണ്ഡിൽനിന്നുതന്നെ അറസ്റ്റിലായ മായങ്ക് അഗർവാൾ എന്ന 21കാരനും ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ എൻജിനീയറിങ് വിദ്യാർത്ഥി വിശാൽ കുമാറും കൂട്ടുപ്രതികളുമായിരുന്നു.

ബുള്ളി ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് മുഖ്യപ്രതിയായ ശ്വേത സിങ് ആണെന്നും ഡിസംബർ 31ന് 'ഖൽസ സൂപ്പർ മാസിസ്റ്റ്' എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയ വിശാൽ കുമാർ മറ്റു പേരിലുണ്ടായിരുന്ന രണ്ട് അക്കൗണ്ടുകൾക്കുകൂടി സിഖ് വ്യാജ നാമങ്ങൾ നൽകുകയായിരുന്നുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.

മുസ്ലിം വനിതകളെ 'ഓൺലൈൻ ലേല'ത്തിനു വെച്ച് അധിക്ഷേപിക്കുന്നതിന് വേണ്ടി വികസിപ്പിച്ച ആപ്പാണ് ബുള്ളി ബായ്. വനിതകളുടെ ചിത്രങ്ങൾ, അവരുടെ അറിവില്ലാതെ അപ്ലോഡ് ചെയ്യുകയും ഓൺലൈനിൽ ലേലത്തിനു വെക്കുകയുമായിരുന്നു. ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലാണ് ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് പൊലീസ് അന്വേഷണസംഘത്തിന്റെ ഭാഗമല്ലാത്തതിനാൽ പ്രതിയെ കൂടുതൽ ചോദ്യംചെയ്യുക മുംബൈ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം മാത്രമാകും.

കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾക്ക് വഴിവെച്ച സുള്ളി ഡീൽസിന്റെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ്. വലതുപക്ഷ ട്രോളുകളിൽ മുസ്ലിംവനിതകളെ ലക്ഷ്യമാക്കി ഉപയോഗിക്കുന്ന അധിക്ഷേപകരമായ പദമാണ് സുള്ളി. ലക്ഷ്യംവെക്കുന്നവരെ അപമാനിക്കുക, ശല്യം ചെയ്യുക തുടങ്ങിയവയാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.