നെടുങ്കണ്ടം: പോക്‌സോ കേസിൽ അതിജീവിതയുടെ പേര് പ്രതിക്കും നാട്ടുകാർക്കും പൊലീസ് ഉദ്യോഗസ്ഥൻ ചോർത്തി നൽകിയതായി പരാതി. അപമാനിക്കപ്പെട്ട അതിജീവിതയും കുടുംബവും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

റേഷൻ കട നടത്തുന്നയാളാണ് പോക്‌സോ കേസിൽ ആരോപണ വിധേയനായ വ്യക്തി. കടയിൽ സാധനം വാങ്ങാൻ എത്തുന്നവരോടും കുട്ടികളോടും മോശം പെരുമാറ്റം ഉണ്ടായതിനെത്തുടർന്നു നാട്ടുകാർ കടയുടെ മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്കുണ്ടായ ദുരനുഭവം കണ്ടെത്തിയത്.

സംഭവം അന്വേഷിക്കാൻ നെടുങ്കണ്ടം പൊലീസിനു ചൈൽഡ് ലൈൻ നിർദ്ദേശം നൽകി. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും വിവരം പ്രതിക്കും നാട്ടുകാർക്കും വെളിപ്പെടുത്തി നൽകി.

കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോക്‌സോ കേസിൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിന് എതിരെ വിമർശനം ഉയർന്നിരുന്നു.