ബ്രിട്ടീഷ് എം പിയായ അഹമദ് പ്രഭു ബാലപീഡന കേസിൽ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭു പദവി എടുത്തുകളയണമെന്ന് കൺസർവേറ്റീവ് പർട്ടി എം പിയായ അലക്സാൻഡർ സ്റ്റഫോർഡ് ആവശ്യപ്പെട്ടു. 1970 കളിലായിരുന്നു അഹമ്മദ് രണ്ട് കുട്ടികളെ ദുരുപയോഗം ചെയ്തത്. ഇത്തരത്തിലുള്ള കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ, ബഹുമാനാർത്ഥം നൽകുന്ന പ്രഭു(ലോർഡ്) പദവികൾ സ്വമേധയാ ഇല്ലാതെയാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കെതിരെ വൃത്തികെട്ട കുറ്റകൃത്യം ചെയ്ത തെമ്മാടിയായ രാക്ഷസൻ എന്നായിരുന്നു ബുധനാഴ്‌ച്ച കുറ്റം സ്ഥിരീകരിച്ചുകൊണ്ട് ഷെഫീൽഡ് ക്രൗൺ കോടതി അഹമ്മദിനെ വിശേഷിപ്പിച്ചത്.

അത്തരത്തിലുള്ള തെമ്മാടിയായ ഒരു രാക്ഷസൻ ''പ്രഭു'' എന്നതുപോലെ ആരും ബഹുമാനിക്കുന്ന ഒരു പദവിക്ക് അർഹനല്ലെന്നാണ് റോതർ വാലി എം പി അലക്ഷാണ്ടർ സ്റ്റഫോർഡ് പറയുന്നത്. ഈ പദവി അഹമ്മദിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു നിവേദനം തയ്യാറാക്കിയിട്ടുമുണ്ട്. ജസ്റ്റിസ് സെക്രട്ടറിയായ ഡൊമിനിക് റാബിനാണ് നിവേദനം സമർപ്പിക്കുന്നത്. കുട്ടികൾക്കെതിരെ കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ ഇത്തരത്തിലുള്ള പദവികൾ സ്വമേധയാ ഇല്ലാതെയാകുന്ന സംവിധാനം നിലവിൽ വരണമെന്നും അദ്ദേഹം ബി ബി സിയോട് പറഞ്ഞു.

രണ്ട് കൗണ്ട് ബലാത്സംഗശ്രമത്തിനാണ് അഹമ്മദ് എന്ന 64 കാരനായ എം പി കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. മറ്റൊന്ന് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് 1970 കളിൽ ഒരു ആൺകുട്ടിയേയും ഒരു പെൺകുട്ടിയേയും വിധേയരാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനും. ഫെബ്രുവരി 4 ന് ആയിരിക്കും ഇയാൾക്കുള്ള ശിക്ഷ വിധിക്കുക. തന്റെ സഹായം ആവശ്യപ്പെട്ട് സമീപിച്ച ഒരു പാവം സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പ്രഭു സഭയിലെ കണ്ടക്ട് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്ന് ഇയാൽ 2020 നവംബറിൽ പ്രഭു സഭയിൽ നിന്നും രാജിവെച്ചിരുന്നു.

സത്യത്തിൽ സഭയിൽ നിന്നും ഇയാളെ പുറത്താക്കാനായിരുന്നു കമ്മിറ്റി ശൂപാർശ ചെയ്തിരുന്നതെങ്കിലും അത് നടപ്പിൽ വരുത്തുന്നതിനു മുൻപായി ഇയാൾ രാജിവെച്ച് ഒഴിയുകയായിരുന്നു. എന്നാൽ, അയാളുടെ പദവിയും സഭയിലെ അംഗത്വവും തമ്മിൽ ബന്ധമില്ലെന്നതാണ് പലരേയും വിസ്മയപ്പെടുത്തുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ കത്ത് മുഖാന്തിരം നൽകപ്പെടുന്നതാണ് പ്രഭു പദവി എന്നതിനാൽ അത് എടുത്തുകളയുവാൻ പ്രഭു സഭയ്ക്ക് അവകാശകില്ലെന്ന് സഭാ വക്താക്കൾ സ്ഥിരീകരിച്ചിരുന്നു.

ഇനിയിപ്പോൾ അഹമ്മദിന്റെ പദവി ഇല്ലാതെയാക്കുവാൻ പുതിയ നിയമനിർമ്മാണം തന്നെ നടത്തേണ്ടതായി വരും. അഹമ്മദിന് പ്രഭു പദവി തുടരാനുള്ള അനുമതി നൽകുക എന്നത് ഈ പദവി നൽകുന്ന സമ്പ്രദായത്തെ തന്നെ അവഹേളിക്കുന്ന നടപടിയാകുമെന്നാണ് റോതെർഹാം എം പി യും ലേബർ നേതാവുമായ സാറാ ചാംപ്യൻ പറയുന്നത്. എന്നാൽ, അത് എടുത്തുകളയുവാൻ ഒരുപാട് നടപടിക്രമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. അത് ഇന്നത്തെ വ്യവസ്ഥയുടെ പിശകാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.