മസ്‌കത്ത്: മലയാളികളടക്കമുള്ള പ്രവാസികർക്ക് ആശ്വാസമായി സീബ് സെന്റർ മാർക്കറ്റിലെ വിദേശികളുടെ കടകൾ തുറന്നു പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകി. പുതിയ തീരുമാനം നിരവധി പ്രവാസികൾക്കാണ് തുണയായത്. രണ്ട് ദിവസം അടച്ചിട്ട കടകൾ കഴിഞ്ഞദിവസം മുതൽ തുറന്നുപ്രവർത്തിച്ചു തുടങ്ങി.

ആറുമാസം മുമ്പായിരുന്നു സെന്റർ മാർക്കറ്റിലെ കടകളിൽ നഗരസഭ നോട്ടീസ് നൽകിയത്. 2022 ജനുവരി ഒന്നുമുതൽ വിദേശികളെ ജോലിചെയ്യാൻ അനുവദിക്കില്ല എന്നും പൂർണമായും സ്വദേശികളെ മാത്രമായി സെന്റർ മാർക്കറ്റിൽ വിന്യസിക്കുകയാണെന്നുമായിരുന്നു നോട്ടീസ്. എന്നാൽ, ഡിസംബർ അവസാനം നിയമം നടപ്പാക്കിയതോട തൊഴിലാളികളും കടയുടമകളും പ്രയാസത്തിലായി.

ഇതോടെ നിരവധി സ്വദേശികളടക്കം സീബ് സെന്റർ മാർക്കറ്റിൽ വിദേശികൾ അനുഭവിക്കുന്ന പ്രയാസം ട്വിറ്ററിലും മറ്റു സോഷ്യൽ ഫ്‌ളാറ്റ് ഫോമുകളിലും പങ്കുവെച്ചതോടെയാണ് നഗരസഭ അനുകൂല തിരുമാനവുമായി മുന്നോട്ട് വന്നത്.