- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥി ദിലീപ്; ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിച്ചതും നടൻ; ഫോട്ടോയിൽ ജെബി മേത്തറും; മഹിളാ കോൺഗ്രസിന് എതിരെ വിമർശനം
ആലുവ: ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി നടൻ ദിലീപിനെ ക്ഷണിക്കുകയും നഗരസഭയുടെ ഓദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ചതിലും മഹിളാ കോൺഗ്രസിനെ അടക്കം വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാവുകയും കേസിൽ വീണ്ടും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രത്തിൽ പേര് വന്ന ശേഷം നടൻ ദിലീപ് ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പൊതു പരിപാടിയാണ് നഗരസഭയുടെ ലോഗോ പ്രകാശനം. ആലുവ നഗരസഭയുടെ ക്ഷണപ്രകാരമായിരുന്നു ദിലീപ് പരിപാടിക്കെത്തിയത്.
സംസ്ഥാനത്ത് കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭകളിൽ ഒന്നാണ് ആലുവ നഗരസഭ. സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായ ജെബി മേത്തറാണ് നിലവിൽ ആലുവ നഗരസഭയുടെ വൈസ് പ്രസിഡന്റ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഒരാളെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ, സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തോട് കോൺഗ്രസ് നിലപാട് എന്തെന്നും മഹിളാ കോൺഗ്രസിന്റെ നിലപാട് എന്തെന്നും വ്യക്തമാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രതികരിക്കുന്നത്.
നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും അതിനുവേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ നാട്ടുകാർ തന്നോടൊപ്പം ഉണ്ടാകണമെന്നുമായിരുന്നു ചടങ്ങിൽ ദിലീപ് പറഞ്ഞത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേൽ അന്വേഷണത്തിന് കോടതി അനുമതി നൽകിട്ടുണ്ട്. ജനുവരി 20നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസിൽ പൾസർ സുനിയെയും നടൻ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈൽഫോൺ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
ദിലീപും പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്യാനായി പൊലീസ് സംഘം ആദ്യം കോടതിയിൽ അപേക്ഷ നൽകും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ